ജില്ലയിലെ ഭൂപ്രശ്നം: സർക്കാർ പരാജയം -ബിജോ മാണി

തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടതായി​ ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാറിന്റെ വീഴ്ചകൾ ഉദ്യോഗസ്ഥരുടെമേൽ കെട്ടിവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ജില്ലയിലെ ഭരണനേതൃത്വം. പട്ടയവിതരണത്തിൽ വ്യാപകമായി ക്രമക്കേടും അഴിമതിയുമാണ് നടക്കുന്നത്. ജില്ലയിൽ 45000 അപേക്ഷകർക്ക് ഇനിയും പട്ടയം വിതരണം ചെയ്യാനുണ്ടെന്നാണ്​ വിവരാവകാശ രേഖകളിൽനിന്ന് വ്യക്​തമാകുന്നത്. പത്ത് ചെയിൻ മേഖലകളിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും ഷോപ്പ് സൈറ്റുകൾക്കും പട്ടയം നൽകാനുള്ള നടപടിയും ആയിട്ടില്ല. പല സ്ഥലങ്ങളിലും പട്ടയവിതരണത്തിന്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടക്കുന്നതായും പരാതിയുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ അവസാനകാലത്ത് നടന്ന പട്ടയമേളയിൽ രാജകുമാരി എൽ. എ ഓഫിസിൽനിന്നും ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ പട്ടയമേളയിൽ 3.336 സെന്റ് ഭൂമിക്ക് പട്ടയം നൽകിയിരിക്കുന്നത് സി.പി.​ഐ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനാണ്. മുമ്പ്​ ഓടിട്ട കെട്ടിടത്തിലായിരുന്നു ഈ ഓഫിസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് മൂന്ന് നിലകളുള്ള കെട്ടിടമാണ്. പാർട്ടി ഓഫിസുകൾക്കും ആരാധനാലയങ്ങൾക്കും നിലവിലെ നിയമപ്രകാരം പട്ടയം നൽകാൻ കഴിയില്ലെന്നിരിക്കെ റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ഓഫിസിന്‌ എങ്ങനെ പട്ടയം ലഭിച്ചുവെന്ന് സർക്കാർ വ്യക്​തമാക്കണം. മൂന്നാറിലെ കൈയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ജില്ലയിൽ നിർമാണനിരോധനമേർപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഭരണപക്ഷ നേതാക്കൾക്ക്‌ മറുപടിയില്ല. സി.എച്ച്.ആർ റിസർവ് ഫോറസ്റ്റാണെന്ന് റവന്യൂ വകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതും വിവാദമായപ്പോൾ പിൻവലിച്ചതും കഴിഞ്ഞ ദിവസമാണ്. വസ്തുതകൾ ഇതായിരിക്കെ സ്വന്തം സർക്കാറിന്റെ വീഴ്ചകൾ മറക്കാനും ജനരോക്ഷത്തിൽനിന്ന് രക്ഷപ്പെടാനുമാണ് ഇടതു നേതാക്കൾ വ്യാജപ്രചാരണവുമായി കടന്നുവരുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ ഭൂ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്താൻ ജില്ലയിലെ ഇടതുപക്ഷം തയാറാവണമെന്നും വിഷയങ്ങൾ ഉയർത്തി ശക്​തമായ പ്രതിഷേധങ്ങൾക്ക്​ കോൺഗ്രസ്​ രംഗത്തിറങ്ങുമെന്നും​ ബിജോ മാണി പറഞ്ഞു. തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് തൊടുപുഴ: ഖുര്‍ആന്‍ പഠനത്തെയും പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരമായ തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോയുടെ ഗ്രാന്‍ഡ് ഫിനാലെ കുമ്പംകല്ല് പാലിയത്ത് ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച നടക്കും. കേരളത്തിലെ ആറായിരത്തോളം യൂനിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ വ്യത്യസ്ത തലങ്ങളില്‍ മാറ്റുരച്ചാണ് സംസ്ഥാന മത്സരത്തിനെത്തുന്നത്. ആറ് വിഭാഗങ്ങളില്‍ പതിനാല് ജില്ലകളിലെ നൂറിലധികം പ്രതിഭകള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരക്കും. ഖുര്‍ആന്‍ പാരായണ മത്സരം, ഹിഫ്‌ള്, ക്വിസ്, ഖുര്‍ആന്‍ പ്രഭാഷണം, ആയത്ത് മത്സരം, ഖുര്‍ആന്‍ ടെസ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഉദ്ഘാടന സമ്മേളനം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ കെ.വൈ. നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്‍റ്​ ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം ഉദ്ഘാടനം ചെയ്യും. ഏഴ് വ്യത്യസ്ത ഖുര്‍ആന്‍ ശൈലികളുടെ അവതരണം ( സബ്അ ഖിറാഅത്ത് ) പരിപാടിയുടെ ഭാഗമായി നടക്കും. ദു​ബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ജേതാവ് സൈനുല്‍ ആബിദ് താമരശ്ശേരി, എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി, ഹാഫിള് ശമീര്‍ അസ്ഹരി സംസാരിക്കും. സമാപന സമ്മേളനം എസ്. എസ്. എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ജാബിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ ഉദ്ഘാടനം ചെയ്യും. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വിജയികള്‍ക്കുള്ള സ്വര്‍ണ സമ്മാനം സയ്യിദ് ജഅഫര്‍കോയ അല്‍ ഹൈദറൂസി നൽകും. വാർത്തസമ്മേളനത്തിൽ എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സി. എന്‍. ജഅഫർ, സെക്രട്ടറി കെ.ബി. ബഷീര്‍, പ്രവർത്തക സമിതി അംഗം അബ്​ദുൽ റഊഫ്​, മിസ്​ബാഹി, അജ്​മൽ സഖാഫി, മുഹമ്മദ്​ റാഫി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.