തൊടുപുഴ: കൊട്ടിഗ്ഘോഷിച്ച് തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം നടന്നിട്ട് വെറും രണ്ട് വർഷം. എന്നാൽ ഇപ്പോൾ ഇവിടെ എത്തുന്ന യാത്രക്കാർ അനുഭവിക്കുന്നതാകട്ടെ വലിയ ദുരിതവും. ഒൻപത് ശുചി മുറികളുള്ളതിൽ ആറെണ്ണവും അടച്ചു പൂട്ടി. ബാക്കി മൂന്നെണ്ണം ഉണ്ടെങ്കിലും ഫ്ലഷ് ടാങ്കു പോലുമില്ല. കയറിയാൽ ഇറങ്ങി ഓടാൻ തോന്നുന്ന രീതിയിലാണ് ബാക്കിയുള്ളവയുടെ അവസ്ഥ.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിപ്പോയായ തൊടുപുഴ സ്റ്റാൻഡിനാണ് ഈ ദുർഗതി. ശുചി മുറി അടച്ചിട്ടിരിക്കുന്നത് ഇവിടെയെത്തുന്ന നൂറ് കണക്കിന് യാത്രക്കാർക്കാണ് ദുരിതം സൃഷ്ടിക്കുന്നത്. ശുചിമുറികൾ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നതിനാൽ ദീർഘ ദൂര ബസുകളിൽ വരുന്ന യാത്രക്കാർക്ക് ഇവ ഉപയോഗിച്ച് സമയത്തിനു ബസിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്.
തൊടുപുഴ കെ.എസ്.ആർ.ടി.സി ടെർമിനലിനൽ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം ഏറുകയാണ്. ശുചിമുറികളിലെ ഫ്ലഷ് ടാങ്കുകളും പൈപ്പുകളും സാമൂഹിക വിരുദ്ധർ ചവിട്ടിയും ഒടിച്ചും നശിപ്പിക്കുന്നുണ്ടെന്ന് ഡിപ്പോയിലെ ജീവനക്കാർ പറയുന്നു.
അടച്ചിട്ടിരിക്കുന്ന ശുചിമുറികളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളും തകർത്തിട്ടുണ്ട്. രാത്രിയിലും മറ്റും സാമൂഹിക വിരുദ്ധർ ശുചിമുറിക്കുള്ളിൽ കയറി മദ്യപിക്കുന്നതായും പരാതികളുണ്ട്. അടിയന്തരമായി അധികൃതരുടെ ശ്രദ്ധ വിഷയത്തിൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഡിപ്പോയിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ യാത്രക്കാരും ജീവനക്കാരും ഒരുപോലെ പ്രതിസന്ധിയിലാണ്. പല ഘട്ടങ്ങളിലായി പതിനെട്ട് കോടി ചെലവഴിച്ച് നിർമിച്ച കെട്ടിട സമുച്ചയമാണ് തൊടുപുഴ കെ.എസ്.ആർ.ടിസി ടെർമിനൽ.
ഉദ്ഘാടനം നടന്ന് രണ്ട് വർഷത്തിനിപ്പുറം പലയിടത്തും വിള്ളൽ വീണു. കെട്ടിടം ചോർന്നൊലിച്ച് തുടങ്ങി. ഇതിനിടെയാണ് ശുചിമുറികളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായത്. കൂടാതെ ശുചിമുറികളിൽ നിന്നുള്ള മാലിന്യം താഴെ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി വർക്ഷോപ്പിലേക്ക് ഒലിച്ചിറങ്ങുന്ന സാഹചര്യവുമുണ്ട്.
കക്കൂസ് മാലിന്യം ഒഴുകിയെത്തിയതോടെ വർക്ഷോപ്പിൽ ജീവനക്കാർക്ക് ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്. പലർക്കും പകർച്ച വ്യാധികൾ പിടിപെടുമെന്ന ആശങ്കയും നിലനിൽക്കുന്നു. കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. 2013ലാണ് ബസ് സ്റ്റാൻഡിന്റെ നിർമാണം തുടങ്ങിയത്. ഫണ്ടിന്റെ ലഭ്യതക്കുറവും അധികൃതരുടെ അലംഭാവവും മൂലം പണി ഇഴഞ്ഞു നീങ്ങി. ഒടുവിൽ 2022 ലാണ് ഡിപ്പോ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.