നെടുങ്കണ്ടം: വെള്ളമില്ലാത്തതിനാൽ കിടത്തി ചികിത്സ നിഷേധിച്ച് തേര്‍ഡ് ക്യാമ്പ് സർക്കാർ ആയൂർവേദ ആശുപത്രി. നിലവില്‍ രണ്ട് കുഴല്‍ കിണറും മഴവെള്ള സംഭരണിയും ഉണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ഇല്ല. കൊടിയ വേനലില്‍ വറ്റിയ കിണറുകളില്‍ ഇപ്പോഴും വെള്ളമില്ല. വെള്ളമില്ലാത്തതിനാൽ രോഗികളും ആശുപത്രി ജീവനക്കാരും വലയുകയാണ്. 30 കിടക്കകളുള്ള ഇവിടെ മഴവെള്ള സംഭരണിയില്‍ നിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗിച്ച് നാലോ അഞ്ചോ രോഗികളെ മാത്രമാണ് കിടത്തി ചികിത്സിക്കുന്നത്. വാര്‍ഡുകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. കര്‍ക്കടക മാസമായതിനാല്‍ കിടത്തി ചികിത്സ അനിവാര്യമായ സാഹചര്യത്തിലെത്തുന്ന രോഗികളുടെ എണ്ണം ഏറെയാണ്. 30 ബെഡിലും ബെഞ്ചിലും ഡെസ്ക്കിലും തറയിലും കിടന്ന് ചികിത്സ നടത്തിയാണ് രോഗികള്‍ മടങ്ങിയിരുന്നത്. അന്ന് തിരുമ്മു ചികിത്സയും മറ്റും നടത്തിയിരുന്നതാണ്. ദിനേന ഹൈറേഞ്ചിലേയും തമിഴ്നാട്ടിലെയും നിരവധി രോഗികള്‍ ചികിത്സ തേടി എത്തുന്നുണ്ടെങ്കിലും കിടത്തി ചികിത്സിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. കഴിഞ്ഞ ആഴ്ച വരെ ഇവിടെ മൂന്നു പേരെ മാത്രമാണ് കിടത്തി ചികിത്സിച്ചിരുന്നത്. അഞ്ചു ഡോക്ടര്‍മാരടക്കം 25 ഓളം ജീവനക്കാരും മരുന്നും അനുബന്ധ സംവിധാനങ്ങളുമുണ്ടെങ്കിലും ആര്‍ക്കും ആശുപത്രിയുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. 1982 ലാണ് തേര്‍ഡ്ക്യാമ്പില്‍ ആശുപത്രി ആരംഭിച്ചത്. തൊടുപുഴയിലെ ജില്ല ആശുപത്രിക്കും ഇടുക്കി പാറേമാവിലെ ആശുപത്രിക്കും പുറമെ ജില്ലയില്‍ കിടത്തി ചികിത്സ സൗകര്യമുള്ള ഏക ആയുര്വേദാശുപത്രിയാണിത്. തുടക്കത്തില്‍ 10 കിടക്കകളായിരുന്നു.
ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകള്‍ക്ക് പുറമെ തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളില്‍ നിന്ന് രോഗികള്‍ ഇവിടെ എത്താറുണ്ട്. പ്രവര്‍ത്തനം താളം തെറ്റിയിട്ടും ആശുപത്രിയുടെ ചുമതലയുള്ള പാമ്പാടുംപാറ പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.