കാഞ്ഞാർ: അധികൃതരുടെ അനാസ്ഥ മൂലം കാട്കയറി നശിക്കുന്ന ജൈവവൈവിധ്യ പാർക്ക് നവീകരിക്കാൻ അപേക്ഷ നൽകിയിട്ടും പരിഗണിക്കാതെ എം.വി.ഐ.പി. 35 ലക്ഷം രൂപ മുടക്കി പാർക്കിൽ കഫറ്റീരിയയും ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന് രൂപരേഖ തയാറാക്കുകയും എം.വി.ഐ.പി ക്ക് കത്ത് നൽകുകയും ചെയ്തിട്ട് മാസങ്ങളായി. എം.വി.ഐ.പിയുടേയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായി പ്രവർത്തിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ എം.വി.ഐ.പി കനിയുന്നില്ല.
ആയിരക്കണക്കിന് ജനങ്ങൾ കടന്നു പോകുന്ന തൊടുപുഴ പുളിയൻമല സംസ്ഥാന പാതയോരത്താണ് വാട്ടർ തീം പാർക്ക്. പി.ജെ. ജോസഫ് ജലസേചന മന്ത്രി ആയിരിക്കെ സംയോജിത നീർത്തട പരിപാലന പദ്ധതി പ്രകാരം നിർമിച്ചതാണ് പാർക്ക്.
ചെറു മുതൽ മുടക്ക് മാത്രം നടത്തിയാൽ പ്രതിമാസം ആയിരക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതിയാണ് കാഞ്ഞാർ ടൂറിസം പദ്ധതി. എന്നാൽ അതിന് വേണ്ട ഇടപെടൽ ആരും നടത്തിയില്ല. രണ്ടാം ഘട്ട ഫണ്ട് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കാഞ്ഞാർ വാട്ടർ തീം പാർക്ക് നിർമാണം പാതിവഴിയിൽ മുടങ്ങിയത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപ ചിലവഴിച്ച് ആദ്യഘട്ട പദ്ധതികൾ നടപ്പാക്കിയിരുന്നു. പൂച്ചെടികളും ചെറുമരങ്ങളും പിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനമാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. മലങ്കര ജലാശയത്തിന്റെ തീരത്ത് നിർമിച്ചിരിക്കുന്ന ഈ ഉദ്യാനത്തിൽ നിരവധി വഴിയാത്രക്കാർ വിശ്രമിക്കാനായി എത്താറുണ്ട്. എന്നാൽ ഇരിപ്പിടങ്ങൾ പോലും ഇല്ലാത്തതിനാൽ നിരാശരായി മടങ്ങുകയാണ് ചെയ്യുന്നത്. ഇരിപ്പിടങ്ങൾ, ചെറു ഷെഡുകൾ, ജലാശയത്തിന് സംരക്ഷണഭിത്തി, ജലാശയത്തിലേക്ക് ഇറങ്ങാനായി നടപ്പാതകൾ എന്നിവ നിർമിക്കേണ്ടതുമുണ്ട്.
മലങ്കര ജലാശയം റോഡിൽ നിന്നു ഏറ്റവും കൂടുതൽ കാണുവാൻ കഴിയുന്ന പ്രദേശമാണിവിടം. അതുകൊണ്ടുതന്നെ ഇടുക്കി യാത്രക്കാർ ഏറെയും യാത്രക്കിടയിൽ ഇടത്താവളമായി വിശ്രമിക്കുന്നതിന് ഇവിടെ ഇറങ്ങാറുണ്ട്.ഓലിക്കൽ കടവുമുതൽ മണ്ണൂർ സ്കൂൾ വരെയുള്ള അരകിലോമീറ്റർ ദൂരമാണ് തീം പാർക്ക്.
ഒന്നാം ഘട്ടത്തിൽ ചുറ്റുവേലി കെട്ടി പാർക്കിനുള്ളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ചു മോടികൂട്ടി. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം മാറിയതോടെ തീം പാർക്കിനെ അവഗണിക്കുകയായിരുന്നു.
ഇതോടെ പുഴയോര പാർക്ക് കാടുകയറി. ഇവിടെ നട്ട പൂച്ചെടികൾ പലതും കരിഞ്ഞ് ഉണങ്ങി. മലങ്കര ജലാശയവുമായി ബന്ധപ്പെട്ട ടൂറിസം വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കാഞ്ഞാറിൽ പദ്ധതികൾ നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.
പുതിയ പാർക്ക്, കൊട്ട വഞ്ചി, സോളാർ ഉപയോഗിച്ച് ഫൗണ്ടൻ, ലേസർഷോ, ഫോട്ടോ ഷൂട്ടിനായി തൂക്കുപാലം, നടപ്പാത, ഫിഷിങ് സംവിധാനം എന്നിവ ഒരുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.