സി.പി.എം ഓഫിസ് നിർമാണം: വിശദീകരണവുമായി നേതാക്കൾ

അടിമാലി: നിർമാണ നിരോധനം നിലനിൽക്കുന്ന ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കറിൽ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും സി.പി.എം പാര്‍ട്ടി ഓഫിസ്​ നിര്‍മാണം തുടരുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നേതാക്കൾ. ഉടുമ്പൻചോല-രണ്ടാംമൈൽ റോഡ് നിര്‍മാണത്തിന് പാര്‍ട്ടി ഓഫിസ് പൊളിച്ചുനല്‍കിയതാണെന്നും ശേഷിക്കുന്ന ഭാഗം തകര്‍ന്നുവീഴുന്ന സാഹചര്യത്തില്‍ പുതുക്കിനിര്‍മിക്കുകയാണ് ചെയ്തതെന്നും സ്റ്റോപ് മെമ്മോ അവഗണിച്ചിട്ടില്ലെന്നും ജില്ല സെക്രട്ടേറിയറ്റ്​ അംഗം ഷൈലജ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഓഫിസ്​ കെട്ടിടം റോഡ് വികസനത്തിനായി പൊളിച്ചുനീക്കി നല്‍കുകയാണ് പാർട്ടി ചെയ്തത്​. ബാക്കിഭാഗം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ്​ പുതുക്കിനിര്‍മിച്ചത്​. ആരോപണം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാല്‍, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ത്തിവെച്ചിട്ടില്ല. വിഷയം വിവാദമായതോടെ വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ നടപടികളിലേക്ക്​ നീങ്ങാന്‍ റവന്യൂ വകുപ്പും തയാറായിട്ടില്ല. നിര്‍മാണ നിരോധനവും മറ്റ് നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന ഇടുക്കിയില്‍ സി.പി.എം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നഘട്ടത്തിലാണ് എം.എം. മണിയുടെ നാടായ ഇരുപതേക്കറില്‍ പുതുക്കിനിര്‍മിച്ച പാര്‍ട്ടി ഓഫിസിന് റവന്യൂ വകുപ്പ് സ്​റ്റോപ്​​ മെമ്മോ നല്‍കിയത്. റോഡരികിൽ നടന്ന നിർമാണ പ്രവൃത്തി മൂന്ന്​ നിലകൾ നിർമിച്ച ശേഷമാണത്രെ റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. നിരോധന ഉത്തരവ് ലഭിച്ചിട്ടും നിര്‍മാണം തുടരുന്നതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും അടക്കം പാര്‍ട്ടികളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.