പുഴകൾ കരകവിയാതിരിക്കാൻ മൂന്നാറിൽ 'സ്മൂത്ത് ഫ്ലോ' പദ്ധതി

മൂന്നാർ: പുഴകളുടെ ഗതിമാറ്റം മൂലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ മൂന്നാറിൽ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നു. മൂന്ന് പ്രളയങ്ങളും മുന്നാറിനെ മുക്കിയ മുൻ അനുഭവം ഉൾക്കൊണ്ടാണ് പുഴകളുടെ ഗതിമാറ്റം തടയാൻ ജലവിഭവ വകുപ്പ് 'ഓപറേഷൻ സ്മൂത്ത് ഫ്ലോ' പദ്ധതി നടപ്പാക്കുന്നത്. 1924, 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയങ്ങളിൽ മൂന്നാർ ടൗണിലെ പഴയമൂന്നാർ, പെരിയവര, ചോക്കാനാട് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയകാലത്ത് മലമുകളിൽനിന്ന്​ വൻതോതിൽ ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനാകാതെ പുഴകൾ കരകവിയുകയായിരുന്നു. ഈ അവസ്ഥയാണ് പട്ടണത്തിലെ വെള്ളക്കെട്ടിന്​ കാരണമായത്. തീരങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ മൂലം വീതി കുറയാനും പുഴയിൽ തിട്ടകളും മറ്റും രൂപപ്പെട്ട്​ ഗതിമാറാനും കാരണമായി. ഇതിൽ ഏറ്റവും കൂടുതൽ തടസ്സങ്ങൾ ഉണ്ടായിരുന്നത് ബൈപാസ് പാലം മുതൽ ഡി.ടി.പി.സി ഇൻഫർമേഷൻ സെന്‍റർ പ്രവർത്തിക്കുന്ന പുഴഭാഗം വരെയായിരുന്നു. ഇവിടെ പുഴയുടെ വീതി 14 മീറ്റർ വരെയായി ചുരുങ്ങിയതാണ് വെള്ളക്കെട്ടിനു കാരണമെന്ന് കണ്ടെത്തി. 2019ൽ ജലസേചന വകുപ്പ് നടത്തിയ വിശദ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പെരിയവരൈ, പഴയ മൂന്നാർ അടക്കം പ്രദേശങ്ങളിലെ പുഴകളുടെ സ്വാഭാവിക വീതി പുനഃസ്ഥാപിക്കണമെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത്തരത്തിൽ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഓപറേഷൻ സ്മൂത്ത്‌ ഫ്ലോ പദ്ധതി പ്രകാരം വീതികൂട്ടാൻ സർക്കാർ തലത്തിൽ തീരുമാനമായത്. കരാറുകാരെ ഒഴിവാക്കി ജലവിഭവ വകുപ്പ് നേരിട്ടാണ് പദ്ധതി നടത്തുന്നത്. സർക്കാർ നിരക്കിൽ മാത്രം എത്തിച്ചിട്ടുള്ള മണ്ണുമാന്തി യന്ത്രത്തിന്​ മണിക്കൂർ കണക്കാക്കിയാണ് കൂലി. ഓപറേഷൻ സ്മൂത്ത്‌ ഫ്ലോ ഈമാസം 25ന് മുമ്പ്​ പൂർത്തീകരിക്കണമെന്ന നിർദേശമാണ് ജലവിഭവ സെക്രട്ടറി ടി.കെ. ജോസ് നൽകിയിട്ടുള്ളത്. ചിത്രം 1 പെരിയവരൈ പാലത്തിന്​ സമീപത്തെ പുഴയിലെ മണ്ണും ചളിയും നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.