അനധികൃത പാർക്കിങ്ങും നിയമലംഘനവും; തൊടുപുഴയിൽ അപകടം പതിവാകുന്നു

തൊടുപുഴ: നഗരത്തിൽ അനധികൃത പാർക്കിങ്ങും നിയമലംഘനങ്ങളും വർധിച്ചതോടെ​ അപകടങ്ങളും തുടരുന്നു. തിങ്കളാഴ്ച രാവിലെ തൊടുപുഴ മോർ ജങ്​ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പുറപ്പുഴ സ്വദേശി ചന്ദ്രൻ നാറാണത്താണ്​ (62) മരിച്ചത്. ഇവിടത്തെ ഗതാഗതക്കുരുക്കാണ്​ ഒരു പരിധിവരെ അപകടങ്ങൾക്ക്​ കാരണം. തിരക്കേറിയ നാല് പ്രധാന റോഡുകൾ ഒരുമിക്കുന്ന ജങ്​ഷനിൽ പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ കൂടി പ്രവർത്തനം ആരംഭിച്ചതോടെ കുരുക്ക് രൂക്ഷമാണ്​. ട്രാഫിക് സിഗ്നലിന് സമീപത്തെ മൂപ്പിൽക്കടവ്, കോതായിക്കുന്ന്, ഇടുക്കി റോഡ് ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലത്തുനിന്ന് 20 മീറ്റർ മുന്നോട്ടു നീക്കാൻ മാർച്ചിൽ ചേർന്ന ഗതാഗത ഉപദേശക സമിതി തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. കഴിഞ്ഞ മാസം ചേർന്ന നഗരസഭ കൗൺസിൽ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തതാണ്. ബസുകൾ നിലവിലുള്ള സ്റ്റോപ്പിൽ നിർത്തുമ്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് മാറ്റത്തിന് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകിയത്. തീരുമാനം നടപ്പാക്കാൻ പൊലീസിനും ആർ.ടി ഓഫിസിനും നഗരസഭ ചെയർമാൻ നിർദേശവും നൽകിയിരുന്നു. എന്നാൽ, നടപ്പായില്ല. ഇതിന് പുറമെയാണ് ഈ ഭാഗത്ത് റോഡിനിരുവശത്തുമുള്ള ഓട്ടോറിക്ഷ സ്റ്റാൻഡ്​. പുതിയ ഡിപ്പോ പ്രവർത്തനം ആരംഭിച്ചതോടെ മൂപ്പിൽക്കടവ് റോഡിൽ പാലത്തിനു സമീപവും ഇടുക്കി റോഡിനോടു ചേർന്നുമാണ്​ പുതിയ ഓട്ടോ സ്റ്റാൻഡുകൾ. ഇവിടെ ബസ് നിർത്തുമ്പോൾ യാത്രക്കാരെ കയറ്റാനാണ് ഇത്തരത്തിൽ ഓട്ടോകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇതു ഗതാഗതതടസ്സം ഉണ്ടാക്കുന്നതിന്​ പുറമെ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. വാഹനങ്ങളുടെ അനധികൃത പാർക്കിങ്​ മൂലം പലയിടങ്ങളിലും റോഡിന്​ വീതി കുറവുമുണ്ട്​. ഇതുമൂലം കാൽനടക്കാരും ഇരുചക്ര വാഹന യാത്രികരും ജീവൻ പണയം വെച്ചാണ്​ റോഡിലൂടെ സഞ്ചരിക്കുന്നത്​. അധികൃതർ യോഗം ചേർന്ന്​ ഗതാഗത പരിഷ്​കാരങ്ങളും തീരുമാനങ്ങളും എടുക്കുമെങ്കിലും ഇവ നടപ്പാക്കുന്ന കാര്യത്തിൽ ആർജവം കാട്ടാറില്ല. ​TDL MORE JUNCION നാല്​ റോഡുകൾ കൂടി​ച്ചേരുന്ന തൊടുപുഴയിലെ മോർ ജങ്ഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.