അടിമാലി: ബീനാമോൾ റോഡിൽ പഞ്ചായത്ത് ഓഫിസിനും പൊന്മുടി പള്ളിപ്പടിയിലേക്ക് തിരിയുന്ന ജങ്ഷനുമിടയിൽ പാതയോരം ഇടിഞ്ഞിറങ്ങി അപകടസ്ഥിതിയിലായിട്ട് മാസങ്ങൾ പിന്നിടുന്നു. ഇരുവശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളമാണ് പാതയോരം ഇടിയാൻ കാരണം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ടാർ വീപ്പകൾ നിരത്തിയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും അപകടസൂചന നൽകിയിട്ടുണ്ട്. താഴേക്ക് അഗാധമായ കുഴിയാണ്.
മഴ ശക്തിപ്രാപിക്കുന്നതോടെ വീണ്ടും ഇടിയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കൂടാതെ പഞ്ചായത്ത് സ്കൂളിനുസമീപം 2018ലെ പ്രളയകാലത്ത് ഇടിഞ്ഞുതാഴ്ന്ന ഭാഗം ഇതുവരെ പുനർനിർമിച്ചിട്ടില്ല. കഴിഞ്ഞ കാലവർഷക്കാലത്ത് വീണ്ടും റോഡ് ഇടിഞ്ഞുതാഴ്ന്ന് അപകട സ്ഥിതിയിലായതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൊതുമരാമത്ത് വകുപ്പ് നിരോധിച്ചിരുന്നു.
അപകട സ്ഥിതിയിലായ റോഡിൽ പഞ്ചായത്ത് പാറമക്കിട്ട് ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും മുൻസ്ഥിതി തുടരുകയാണ്. ഇതുവഴി വാഹനയാത്ര ദുഷ്കരമായതോടെ കൊമ്പൊടിഞ്ഞാൽ, പണിക്കൻകുടി ഭാഗത്തേക്ക് യാത്രചെയ്യുന്നവർ കിലോമീറ്ററുകൾ ചുറ്റി മരക്കാനം വഴിയാണ് പോകുന്നത്.
60 മീറ്ററോളം നീളത്തിൽ റോഡ് തകർന്നിട്ടുണ്ട്. ഇതിനുമുമ്പും നിരവധിതവണ സമാന അവസ്ഥകളുണ്ടായപ്പോഴും അശാസ്ത്രീയമായ നിർമാണങ്ങൾ നടത്തിയിരുന്നതുമൂലം പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ല. മൂന്നുകോടി നിശ്ചയിച്ച് ടെൻഡർ നടപടി പൂർത്തിയായിരുന്നെങ്കിലും വിദഗ്ധ പരിശോധനയിൽ കൂടുതൽ സുരക്ഷിതത്വത്തിനു വേണ്ടി നിർമാണരീതി മാറ്റാൻ തീരുമാനമായതിനെത്തുടർന്ന് തുക ഏഴുകോടിയായി വർധിപ്പിച്ച് ടെൻഡർ നടപടിക്രമങ്ങളിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും പുനർനിർമാണം അനന്തമായി നീളുകയാണ്.
ഇവിടെ പാലം നിർമിച്ചാൽ നിർമാണച്ചെലവ് കുറക്കാനും സുരക്ഷിതത്വം കൂട്ടാനാകുമെന്ന ബദൽ നിർദേശം ഉയരുന്നുവെങ്കിലും നടപടിയില്ല. ഇത്തവണയും ഗതാഗത സ്തംഭനത്തിന് സാധ്യത ഏറെയാണ്. പൊന്മുടി ഡാം ടോപ്പിൽനിന്ന് കൊന്നത്തടി, കൊമ്പൊടിഞ്ഞാൽ വഴി പണിക്കൻകുടിയിലെത്തിച്ചേരുന്ന രീതിയിൽ ഒളിമ്പ്യൻ ബീനാ മോളുടെ പേരിൽ നിർമിച്ചിരിക്കുന്ന റോഡാണിത്. എത്രയുംവേഗം നിർമാണജോലി തുടങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.