അടിമാലി: കുരങ്ങ്, മലയണ്ണാൻ, മരപ്പട്ടി എന്നിവയുടെ ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി കർഷകർ. തേങ്ങ, കാപ്പിക്കുരു, അടക്ക, കൊക്കോ, വാഴ തുടങ്ങിയ കൃഷികൾക്ക് ഇവ വലിയ ഭീഷണിയാണ്. പല ഫലങ്ങളും പഴുക്കും മുമ്പേ വിളവെടുക്കേണ്ട അവസ്ഥയിലാണ് കർഷകർ. വനാതിർത്തി മേഖലയിലെ കർഷകർക്കാണ് കാപ്പിക്കുരു, അടക്ക പോലുള്ള കൃഷികൾ നേരത്തേ വിളവെടുക്കേണ്ട അവസ്ഥയുള്ളത്.
വന്യമൃഗശല്യം ഒഴിവാക്കാൻ വനാതിർത്തികളിലെ ഫലവർഗ കൃഷി ഉപേക്ഷിക്കണമെന്നാണു കർഷകരെ വനംവകുപ്പ് ഉപദേശിക്കുന്നത്. വന്യമൃഗങ്ങൾ ഭക്ഷിക്കാത്തതും വിപണന സാധ്യതയുള്ളതുമായ കാപ്പിയും മറ്റും കൃഷി ചെയ്യുമ്പോഴാണ് കാപ്പിക്കുരുപോലും ബാക്കിവെക്കാതെ കുരങ്ങുകൾ നശിപ്പിക്കുന്നത്. അടിമാലി, മറയൂർ, മാങ്കുളം, മൂന്നാർ പഞ്ചായത്തുകളിലാണ് കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം അതിരൂക്ഷം. മൂന്നാറിൽ 10 ഏക്കറോളം ബട്ടർ ബീൻസ് നശിപ്പിച്ചതാണ് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ സംഭവം. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകൾ കൊക്കോ, അടക്ക, ജാതിക്ക, തേങ്ങ തുടങ്ങിയവയെല്ലാം നശിപ്പിക്കുന്നു. കാപ്പിയുടെ കമ്പുകൾ ഒടിച്ചു നശിപ്പിക്കുകയും ചെയ്യുന്നു. കുരങ്ങുകളെ നിയന്ത്രിക്കാൻ നടപടിയില്ലെങ്കിൽ കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയാകുമെന്നു കർഷകർ പറയുന്നു.
ഇതിന് പുറമെ കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തുകളും കൃഷി നശിപ്പിക്കൽ തുടരുന്നതിനാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാട്ടുപന്നികളെ ഭയന്ന് പുരയിടങ്ങൾ വേലിക്കുള്ളിൽ ആക്കിയെങ്കിലും കുരങ്ങും മലയണ്ണാനും മരപ്പട്ടിയും എത്തുന്നത് തടയാനും മാർഗമില്ല. പരാതി നൽകിയാൽ വനം വകുപ്പും കൈമലർത്തുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിലും വനം വകുപ്പ് നടപടി എടുക്കുന്നില്ല. വിനോദസഞ്ചാരികൾ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിനാൽ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. ഭക്ഷണം കാട്ടാതാകുമ്പോൾ ഇവ ആക്രമണകാരികളാവുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.