അടിമാലി: ശുചിമുറി മാലിന്യം ഉൾപ്പെടെ തോടുകളിലേക്കും ഓടകളിലേക്കും ഒഴുക്കുന്നത് അടിമാലി പട്ടണത്തിന്റെ ശാപമായി മാറുന്നു. വൻകിട വ്യാപാര സ്ഥാപനങ്ങൾ, ബഹുനില കെട്ടിടങ്ങൾ തുടങ്ങിയവയിൽനിന്ന് മാലിന്യം ഒഴുക്കുന്നത് പൊതുയിടത്തേക്കാണ്. ഇത് ടൗണിൽ ദുർഗന്ധം പരത്താൻ കാരണമാകുന്നു.
ദേവിയാർ പുഴയുടെ ഉത്ഭവ കേന്ദ്രമായ അടിമാലിത്തോട്, മന്നാങ്കാല, ബസ്സ്റ്റാൻഡിന് സമീപത്തൂടെ ഒഴുകുന്ന ഓടകൾ തുടങ്ങി എല്ലായിടവും മാലിന്യം വൻതോതിൽ നിക്ഷേപമുണ്ട്. ദുർഗന്ധം രൂക്ഷമാകുമ്പോൾ പഞ്ചായത്തിലും പൊതുജനാരോഗ്യ വിഭാഗത്തിലും നിരവധി പരാതികൾ എത്താറുണ്ടെങ്കിലും നടപടിയില്ല. ഹോട്ടലുകൾ, വൻകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുകൂടി മാലിന്യം ഓടയിലേക്ക് തിരിച്ച് വെച്ചിരിക്കുന്നതായാണ് നിഗമനം.
ഓടകൾ കോൺക്രീറ്റ് ചെയ്ത് മുകൾ ഭാഗം മൂടുകയും അതിന് മുകളിൽ ടൈൽ വിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ ആരാണ് മാലിന്യം തള്ളുന്നതെന്ന് കണ്ടെത്താൻ പ്രയാസവുമാണ്. കല്ലാർകുട്ടി റോഡിൽ അഞ്ച് വർഷം മുമ്പ് പഞ്ചായത്ത് ഓടകളുടെ സ്ലാബ് ഉയർത്തിയിരുന്നു. ഈ സമയം നാല് ഹോട്ടൽ, ആറ് ബഹുനില കെട്ടിടം എന്നിവയിലെ ശൗചാലയ മാലിന്യം ഓടയിലേക്ക് തിരിച്ചു വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. മേയിലും സ്ലാബുകൾ ഉയർത്തി പരിശോധന നടത്തിയിരുന്നു.
ഈ സമയം നിരവധിയായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, ഒരു കേസ് എടുക്കുകയും ബാക്കിയെല്ലാം ഒതുക്കി തീർക്കുകയായിരുന്നു. മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ, ഒന്നുമുണ്ടായില്ല. രാത്രി ഒമ്പത് കഴിഞ്ഞാൽ കല്ലാർകുട്ടി റോഡിൽ അതിരൂക്ഷ ദുർഗന്ധം ഉയരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി മാലിന്യം ഓടയിലൂടെ ഒഴുക്കുന്നതാണ് കാരണം. മാർക്കറ്റിൽനിന്ന് അറവ്, മത്സ്യമാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. ഈച്ച, കൊതുക് ശല്യവും രൂക്ഷമാണ്.
ഇവയെല്ലാം ഒലിച്ചെത്തുന്നത് ദേവിയാർ പുഴയിലേക്കാണ്. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനം ഉപയോഗിക്കുന്ന ദേവിയാർപുഴ ഇതോടെ മാലിന്യവാഹിനിയായി. ലൈബ്രറി റോഡിൽ വൻകിട കെട്ടിടങ്ങളിൽനിന്ന് മാലിന്യ പൈപ്പുകൾ ഓടകളിലേക്ക് തിരിച്ചു വെച്ചിരിക്കുന്നതായി നിരവധി പരാതികൾ അധികാരികൾക്ക് മുന്നിലുണ്ട്. നേരത്തേ പലകുറി നടപടി നേരിട്ട സ്ഥാപനങ്ങൾവരെ ഇപ്പോഴും മാലിന്യം ഓടയിലേക്കാണ് തിരിച്ചുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.