അടിമാലി: രാജ്യത്ത് മതേതരത്വം തകർന്നപ്പോൾ കോണ്‍ഗ്രസ് അനങ്ങാതെ നില്‍ക്കുകയാണ് ചെയ്തതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ബോംബെ കലാപമുണ്ടായപ്പോഴും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് മൗനം പാലിച്ചു.
കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. അടിമാലിയിൽ ഐ.എൻ.എൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ ശക്തിയാർജിക്കാനും ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറാനും കോണ്‍ഗ്രസ് വലിയ പങ്ക് വഹിച്ചു. പാര്‍ട്ടി മാറില്ലെന്ന് ക്ഷേത്രത്തിലെത്തി പ്രതിജ്ഞ ചെയ്ത ഗോവയിലെ എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോയത് കോണ്‍ഗ്രസ് തകര്‍ന്നതിന്‍റെ ലക്ഷണമാണ്. കേരളത്തിൽ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വികസന മുന്നേറ്റമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ല പ്രസിഡന്‍റ് മുഹമ്മദ് റിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എം. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി. സാറ ജോസഫ്, മേരി തോമസ്, അലിയാർ മറ്റപ്പിള്ളി, കെ.എസ്. ജൗഹർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.