അടിമാലി: കൊൽക്കത്ത ആസ്ഥാനമായി എന്നു രേഖപ്പെടുത്തിയിട്ടുള്ള ആമസോൺ ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് ന്റെ പേരിലും തട്ടിപ്പിന് ശ്രമം. അടിമാലി പൊലീസ് സ്റ്റേഷനു സമീപത്തുള്ള വസ്ത്രവ്യാപാര സ്ഥാപനം ഉടമസ്ഥയെ തേടി ഏഴര ലക്ഷം രൂപയുടെ സമ്മാന കൂപ്പൺ ആണ് പോസ്റ്റ് ഓഫിസ് വഴി രജിസ്ട്രേഡ് തപാലിൽ കഴിഞ്ഞ ദിവസം എത്തിയത്.
തപാൽ ഉരുപ്പടി വാങ്ങി പൊട്ടിച്ചു നോക്കിയതോടെ താങ്കൾക്ക് സർപ്രൈസ് ഗിഫ്റ്റ് ഉണ്ടെന്നും കാർഡ് സ്ക്രാച്ച് ചെയ്താൽ തുക എത്രയെന്ന് അറിയാമെന്നും ഇതോടൊപ്പമുള്ള കത്തിലൂടെ രേഖപ്പെടുത്തിയിരുന്നു. കാർഡ് സ്ക്രാച്ച് ചെയ്തതോടെ ഏലര ലക്ഷം രൂപയാണ് സർപ്രൈസ് ഗിഫ്റ്റായി രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് വട്സാപ്പിലൂടെ സന്ദേശം എത്തി. 2 ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് കോഡ് എന്നിവ അറിയിക്കണം എന്നായിരുന്നു സന്ദേശം. ഇടപാടിൽ അസ്വാഭാവികത തോന്നിയതോടെ ഇതു സംബന്ധിച്ച് സ്ഥാപനം ഉടമ ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനു ശേഷം നിക്ഷേപം ഇല്ലാത്ത ബാങ്ക് അക്കൗണ്ട് നമ്പർ വാട്സാപിലൂടെ നൽകി.
ഇതോടെ ലഭിക്കുന്ന പണത്തിന്റെ ഒരു ശതമാനമായ 7,500 രൂപ സർച്ചാർജ് ഇനത്തിൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം എത്തി. പണം ലഭിച്ചാൽ 2 ദിവസത്തിനകം ഏഴര ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്ന അറിയിപ്പും ലഭിച്ചു. ഇടപാടിൽ തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നതായി സ്ഥാപനം ഉടമയ്ക്ക് ബോധ്യപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള ഫോൺ നമ്പരുകളിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് ബോധ്യപ്പെട്ടു. പലതവണ ആവർത്തിച്ചു വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബോധ്യപ്പെട്ടതിനാൽ പണ നഷ്ടം ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.