അടിമാലി: അധ്യാപനത്തിലായാലും കൃഷിയിലായാലും തൊടുന്നതിലെല്ലാം നൂറുമേനിയാണ് ഷിബു സാറിന്. മാങ്കുളം സെൻറ് മേരീസ് ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനാണ് പാമ്പുംകയം തോട്ടപ്പിള്ളിൽ ഷിബു തോമസ് എന്ന നാട്ടുകാരുടെ കൃഷി മാഷ്.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാങ്കുളം സെൻറ് മേരീസ് കൂളില് 83 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ഷിബു പഠിപ്പിക്കുന്ന വിഷയത്തില്‍ 69 വിദ്യാർഥികളും എ പ്ലസ് നേടിയിരുന്നു. പാമ്പുങ്കയത്ത് രണ്ട് ഏക്കര്‍ സ്ഥലമാണുള്ളത്. ഇതില്‍ ഏലവും കുരുമുളകും ജാതിയുമെല്ലാം സമൃദ്ധമായി വിളയുന്നു. ഇതോടൊപ്പം ഭാര്യ ഷൈനിയുമായി ചേര്‍ന്ന് ആട് ഫാമും നടത്തുന്നു.
15 ലേറെ ആടുകളാണ് ഫാമിലുള്ളത്. ഡിഗ്രി കഴിഞ്ഞതോടെ കാര്‍ഷിക മേഖലയിലേക്ക് തിരിയുകയായിരുന്നു. അധ്യാപകനായി ജോലി ലഭിച്ചപ്പോഴും കാര്ഷിമേഖലയില്നിന്ന് വിട്ടുനിന്നില്ല. പുലര്‍ച്ച ആറിന് കൃഷിയിടത്തിലേക്ക് ഇറങ്ങും. കൃത്യസമയത്ത് സ്കൂളിലെത്തും. വൈകീട്ട് വീട്ടിലെത്തിയാല്‍ പിന്നെയും കൃഷിയിടത്തിലേക്ക് ഇതാണ് രീതി. കോവിഡ് രൂക്ഷമായതോടെ ഓണ്‍ലൈനിലൂടെ എല്ലാ ക്ലാസുകളും സ്പെഷല്‍ ക്ലാസുകളും കൃത്യമായി എടുത്തശേഷം ഒഴിവ് സമയങ്ങളില്‍ കൃഷിയിടത്തിലേക്ക് ഇറങ്ങും.
കുട്ടികളെ ഒണ്‍ലൈനിലൂടെ പഠിപ്പിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റ് വഴിയില്ലല്ലോ എന്നാണ് ഷിബു പറയുന്നത്. കുട്ടികളെ നേരിട്ടുകണ്ട് ക്ലാസ് എടുക്കുന്നതാണ് ആനന്ദം. നിലവിലെ സാഹചര്യങ്ങൾ മാറി വേഗത്തില്‍ സ്കൂള്‍ തുറക്കണമെന്നാണ് ആഗ്രഹമെന്ന് ഇദ്ദേഹം പറയുന്നു. എഡ്വിനും എമിലും മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.