അടിമാലി: പാതകളില്‍ വെളിച്ചമേകാന്‍ സ്ഥാപിച്ച വിളക്കുകളെല്ലാം കണ്ണടച്ചതോടെ നാട് ഇരുട്ടിൽ. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ്, ലോ മാസ്റ്റ് വിളക്കുകളും സോളാര്‍ വിളക്കുകളുമാണ് പ്രവര്‍ത്തനം നിലച്ചത്. അടുത്തിടെ സ്ഥാപിച്ച തെരുവുവിളക്കുകളും ഇതില്‍പെടും.
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകള്‍ക്ക് കീഴില്‍ എല്ലാ പഞ്ചായത്തിലും ഇതാണ് സ്ഥിതി. തെരുവ് വിളക്കുകള്‍ കത്തുന്നില്ലെങ്കിലും വൈദ്യുതി ഇനത്തില്‍ ഭീമമായ തുകയാണ് മാസംതോറും ബോര്‍ഡില്‍ അടക്കുന്നത്.
ജനത്തിരക്കേറിയ ടൗണുകളും വന്യമൃഗ ശല്യമുള്ള ഗ്രാമീണ പാതകളും സന്ധ്യയോടെ ഇരുട്ടിലാകുന്ന അവസ്ഥയാണ്. വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് പട്ടണങ്ങളിലുള്ളത്.
എം.പി, എം.എല്‍.എ ഫണ്ടില്‍ ഒട്ടേറെ ഹൈമാസ്റ്റ്, ലോ മാസ്റ്റ് വിളക്കുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഭാഗികമായി കത്തുമ്പോള്‍ മറ്റിടങ്ങളില്‍ പൂര്‍ണമായി കണ്ണടച്ചു.
വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പ്രത്യേക പദ്ധതിയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. അതെല്ലാം തകരാറിലാണ്. മഴവെള്ളമിറങ്ങി ബള്‍ബിലും ഫിലമെൻറിലും ക്ലാവ് പിടിച്ചതും മിന്നലേറ്റതുമെല്ലാമാണ് കാരണമായി പറയുന്നത്.
മാസങ്ങളോളം നീണ്ട മഴയില്‍ വഴിവിളക്കുകളില്‍ നല്ലൊരു ഭാഗവും നശിച്ചു. ഗുണനിലവാരക്കുറവാണിതിനു കാരണമെന്നും പരാതിയുണ്ട്.
തുറസ്സായ സ്ഥലത്ത് സ്ഥാപിക്കുന്ന വിളക്കുകളില്‍ വെള്ളമിറങ്ങില്ലെന്ന് ഉറപ്പാക്കാനും തകരാറുകള്‍ കൃത്യമായി പരിഹരിക്കാനും കരാറുകാര്‍ക്കും കെ.എസ്.ഇ.ബിക്കുമാണ് ചുമതല. എന്നാല്‍, വിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ കരാറുകാരോ ജീവനക്കാരോ തിരിഞ്ഞുനോക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.