അടിമാലി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുതിരകുത്തി വ്യൂ പോയന്റിലേക്ക് പ്രവേശനം നിഷേധിച്ച് വൈദ്യുതി വകുപ്പ്. തൊട്ടിയാർ വൈദ്യുതി പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് തുടങ്ങുന്ന ഭാഗം വരെയാണ് കുതിരകുത്തി മലയിലേക്കുള്ള റോഡ് ഉള്ളത്.
ഡാമിന്റെ അരികിലൂടെ വരുന്ന റോഡ് ഗേറ്റ് പണിത് വകുപ്പ് പൂർണമായി അടച്ചുപൂട്ടി. ഇതോടെ ഈ പാതയിലൂടെ നടന്നുപോലും കുതിരകുത്തി മലയിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയായി. ദേവിയാർ പുഴക്ക് കുറുകെ ഡാം പണിയാനും പെൻസ്റ്റോക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ ആവശ്യമായ വസ്തുക്കൾ എത്തിക്കാനുമാണ് ബോർഡ് റോഡ് നിർമിച്ചത്.
ഇതുവരെ സഞ്ചാരികളും നാട്ടുകാരും ഈ റോഡ് ഉപയോഗിച്ചിരുന്നു. തൊട്ടിയാർ പദ്ധതി നാടിന് സമർപ്പിച്ച ശേഷമാണ് റോഡ് അടച്ച് ഗേറ്റ് സ്ഥാപിച്ചത്. ഇതോടെ ഈ പ്രദേശം സഞ്ചാരികൾക്ക് അന്യമായി.
പരന്നൊഴുകുന്ന പെരിയാറും ജലവൈദ്യുതി നിലയങ്ങളും കൊച്ചിയിലെ അമ്പലമുകൾവരെ ഭാഗങ്ങളും കുതിരകുത്തിയിലെത്തിയാൽ കാണാം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ പത്താംമൈലിൽനിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ കുതിരകുത്തിയിലെത്താം. സമീപത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ആദിവാസി ഗോത്രാചാരപ്രകാരം ഉത്സവം നടക്കുന്നുണ്ട്.
കാട്ടമ്പലം എന്നറിയപ്പെടുന്ന ഇവിടെ നൂറുകണക്കിന് വിശ്വാസികളാണ് എത്തുന്നത്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾക്ക് സമീപമാണ് കുതിരകുത്തി. ദേവിയാർ പുഴയും കുതിരകുത്തിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.