അടിമാലി: വീട്ടിലേക്ക് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന്പേർ ചേർന്ന് വീട്ടമ്മയെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപിച്ചതായി പരാതി. സൂര്യനെല്ലി സ്വദേശി രാജാത്തിയെയാണ് (45) സമീപവാസികളായ മൂന്നുപേർ ചേർന്ന് 27ന് രാത്രി 11ന് കമ്പിയും പലകയുംകൊണ്ട് തലയുടെ വലതുഭാഗത്ത് അടിച്ച് പരിക്കേൽപിച്ചത്.
രാജാത്തിയെ ആദ്യം മൂന്നാർ ജനറൽ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചിന്നക്കനാൽ സ്വദേശികളായ തങ്കമയിൽ(50), സുന്ദരപാണ്ടി(55), രാജൻ (60) എന്നിവർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. എസ്സി വിഭാഗത്തിൽപ്പെട്ട തങ്ങൾക്ക് കുടിവെള്ളം നൽകാതിരിക്കാൻ ഉയർന്ന വിഭാഗത്തിൽപെട്ട പ്രതികൾ മുമ്പും ശ്രമിച്ചിട്ടുണ്ടെന്നും, ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രാജാത്തിയുടെ കുടുംബം പറഞ്ഞു.
എന്നാൽ, സംഭവത്തിൽ പൊലീസ് ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും പണം നൽകി പരാതിയിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെന്നും രാജാത്തിയുടെ മകൾ പറഞ്ഞു.
പിതാവ് കൃഷ്ണൻ കോയമ്പത്തൂരിൽ ജോലി ചെയ്യുന്നു. സൂര്യനെല്ലിയിലെ വീട്ടിൽ ഒറ്റക്കാണ് രാജാത്തി കഴിയുന്നത്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് ശാന്തൻപാറ സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.