അടിമാലി: റോഡരികിൽനിന്ന് മുറിച്ച മരങ്ങൾ സമയത്ത് ലേലം ചെയ്യാതെ നശിക്കുന്നു. സർക്കാർ ഖജനാവിൽ എത്തേണ്ട ലക്ഷങ്ങളുടെ തടികളാണ് മഴയും വെയിലുംകൊണ്ട് നശിക്കുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ, ചീയപ്പാറ മേഖലയിലാണ് വനം വകുപ്പ് മുറിച്ച മരങ്ങൾ നശിക്കുന്നത്. അപകടാവസ്ഥ ഒഴിവാക്കാൻ മുറിച്ചവയാണിത്. മഴയും വെയിലുംകൊണ്ട് വിറകിനുപോലും കൊള്ളാത്ത അവസ്ഥയിലെത്തുമെന്നാണ് വിലയിരുത്തൽ. രണ്ടാഴ്ചക്കുള്ളിൽതന്നെ വനംവകുപ്പ് വില നിർണയിച്ച് നൽകിയെങ്കിലും ലേലം നടന്നില്ല. തടി ഡിപ്പോയിലേക്ക് മാറ്റാനും നടപടിയില്ല. മരങ്ങൾ റോഡരികിൽതന്നെ ഇടുന്നതിനാൽ പെട്ടെന്ന് നശിക്കുന്നു. മഴ നനയാതെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻപോലും അധികൃതർ തയാറാകുന്നില്ല. നേര്യമംഗലം റേഞ്ചിന് കീഴിലാണ് ഇത്തരത്തിൽ നിരവധി മരങ്ങൾ നശിക്കുന്നത്.
കഴിഞ്ഞ കാലവർഷത്തിൽ ഒടിഞ്ഞുവീണതും അപകടാവസ്ഥയിൽ നിന്നത് വെട്ടിമാറ്റിയതു മടക്കം നിരവധി മരങ്ങളാണ് വഴിവക്കിൽ കിടക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് ഭീഷണിയുണ്ട്. അടിയന്തരമായി ഇവ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.