ചെറുതോണി: ടൗണിലെ ചെറുതോണി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. ഏപ്രിലിൽ പാലം പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിർമാണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പാലം പ്രവർത്തനസജ്ജമാക്കുന്നതിന് മുന്നോടിയായി പഴയ പാലത്തിലൂടെയുള്ള ഗാതാഗതം നിരോധിച്ചു. പുതിയ പാലത്തിന്റെ വശത്തുകൂടി താൽക്കാലികമായി നിർമിച്ച പാതയിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്.
2018ലെ പ്രളയത്തിൽ നിലവിലുണ്ടായിരുന്ന പാലത്തിന്റെ ഒരുവശത്തിന് തകരാർ സംഭവിക്കുകയും ചെറുതോണി-ആലിൻചുവട് റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തതിനെ തുടർന്നാണ് പുതിയ പാലവും റോഡും നിർമിക്കാൻ തീരുമാനിച്ചത്. ചെറുതോണി -ആലിൻചുവട് റോഡിന്റെ സംരക്ഷണഭിത്തിക്ക് 38 കോടിയും പാലത്തിന് 25 കോടിയും അനുവദിച്ചു. സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി. പാലം നിർമാണം 2022 ഫെബ്രുവരിയിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ, പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയി. ഇപ്പോൾ പഴയ പാലം ഗാന്ധിനഗർ കോളനിക്കാർക്ക് സ്വന്തമാണ്. പുതിയ പാലത്തിന്റെ ഒരു വശത്തുകൂടി പഴയ പാലത്തിലേക്ക് റോഡ് നിർമിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയൂ. പ്രളയത്തെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കുംവിധം രൂപകൽപന ചെയ്ത പുതിയ പാലം 40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനിലാണ് നിർമിക്കുന്നത്. 120 മീറ്ററാണ് നീളം. ഇരുവശത്തെയും നടപ്പാത ഉൾപ്പെടെ 18 മീറ്റർ വീതിയുണ്ടാകും.
ഇടുക്കി അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് 1960കളിലാണ് ചെറുതോണിയിൽ പഴയ പാലം സ്ഥാപിച്ചത്. കനേഡിയന്‍ എൻജിനീയര്‍മാരുടെ രൂപകൽപനയിലും മേല്‍നോട്ടത്തിലുമായിരുന്നു നിർമാണം. പാലത്തിന്റെ ഇരുവശത്തുമുണ്ടായിരുന്ന സംരക്ഷണഭിത്തികളും കെട്ടിടങ്ങളും പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. പഴയ പാലത്തിന് ആവശ്യമായ ഉയരവും വീതിയുമില്ലാത്തതിനാലാണ് പുതിയത് നിർമിക്കേണ്ടിവന്നത്. പുതിയ പാലം നിർമാണം ആരംഭിച്ചതോടെ 20ഓളം വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെനിന്ന് മാറ്റേണ്ടി വന്നു. ഇതിനിടെ, മെഡിക്കല്‍ കോളജ് റോഡിന്റെ വീതി കൂട്ടാനുള്ള നിർമാണങ്ങളും ആരംഭിച്ചു. ഇവിടെയും പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ മാറ്റി. രണ്ടു നിർമാണ പ്രവര്‍ത്തനങ്ങളുംമൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ ടൗണിൽ സൗകര്യമില്ലാതായി. പൊടിശല്യവും കച്ചവടത്തെ ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. പാലവും മെഡിക്കല്‍ കോളജ് റോഡ് നിർമാണവും പൂര്‍ത്തിയാകുന്നതോടെ ടൗണില്‍ വികസനമെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.