ചെറുതോണി: വനഭൂമിയിൽ നിന്ന് കൃഷിഭൂമിയിലേക്ക് വന്യമൃഗങ്ങൾ കയറാതിരിക്കാൻ കാട്ടുകമ്പുകൾ കൊണ്ട് സംരക്ഷണ വേലിയൊരുക്കി തൊഴിലുറപ്പ് പദ്ധതി. വാഴത്തോപ്പ് പഞ്ചായത്തിൽ മുല്ലക്കാനത്തുള്ള വനഭൂമിക്കാണ് തൊഴിലുറപ്പിൽപ്പെടുത്തി മരക്കമ്പും കാട്ടുകമ്പുമുപയോഗിച്ച് സംരക്ഷണവേലി നിർമ്മിച്ചിരിക്കുന്നത്.
ഇവിടെ വനഭൂമിയോട് ചേർന്ന നടപ്പാതയിലൂടെ ആളുകൾ നടന്നുപോകുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകാതിരിക്കാനാണ് സംരക്ഷണ വേലിയെന്നാണ് അധികൃതരുടെ വിശദീകരണം. വാഴത്തോപ്പ് പഞ്ചായത്തിൽ ഏതാനും വർഷങ്ങളായി കയ്യാലയും വേലി നിർമാണവും മാത്രമാണ് തൊഴിലുറപ്പ് ജോലി.
കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായിട്ടും തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് തിരിച്ചുവിടാത്തത് ചെറുകിട ഇടത്തരം കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ കയ്യാലയും സംരക്ഷണവേലിയും നിർമിക്കാൻ ഇനി സ്ഥലമില്ല.
നിർമിച്ച കയ്യാലകൾ പൊളിച്ച് പണിതും ഉയരം കൂട്ടിയുമാണ് അടുത്ത കാലം വരെ പദ്ധതി നടപ്പാക്കിയത്. ഇപ്പോൾ അതിനും നിവൃത്തിയില്ലാതായതോടെയാണ് വനഭൂമിക്ക് സംരക്ഷണവേലി നിർമിച്ചത്. കൃഷി ജോലികൾക്ക് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ചാൽ തൊഴിലാളിക്ഷാമത്തിന് നല്ലൊരുപരിധിവരെ പരിഹാരമാകും.
വിലയിടിവിലും കാലാവസ്ഥ വ്യതിയാനത്തിലും തകിടം മറിഞ്ഞ കാർഷിക മേഖലക്കും കർഷകർക്കും വലിയ ആശ്വാസവുമായിരിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം കർഷകർക്കും പൊതുജനങ്ങൾക്കും കിട്ടാതെ പോവുകയാണ്.
കൃഷിഭൂമിയിലെ ജോലികൾക്ക് നിയോഗിക്കാൻ തടസമുള്ള പക്ഷം റോഡരുകിലെ കാഴ്ചമറക്കുന്ന കാടുകൾ വെട്ടി തെളിക്കാൽ എങ്കിലും തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.