തൊടുപുഴ: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നു. ഈമാസം ഇതുവരെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി മൂലമുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരിൽ രോഗം സംശയിക്കുന്നവർ 93 പേരാണ്. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലാണ് കൂടുതൽ കേസ്. ആരോഗ്യ വകുപ്പിന്റെ കണക്കിനെക്കാൾ കൂടുതൽ ഡെങ്കിപ്പനി ബാധിതർ ജില്ലയിലുള്ളതായും സൂചനയുണ്ട്.
വിവിധ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയവർ ഏറെയാണ്. ഇടവിട്ടുള്ള മഴയെത്തുടർന്നാണു പനിബാധിതരുടെ എണ്ണം കൂടിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഇടക്കിടെ പെയ്യുന്ന മഴ കൊതുക് വളരാനുള്ള സാഹചര്യം വർധിപ്പിക്കും.
കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല സർവൈലൻസ് ഓഫിസർ ഡോ. ജോബിൻ ജി. ജോസഫ് പറഞ്ഞു. പനി ബാധിച്ചാൽ എത്രയും വേഗം ചികിത്സ തേടണം. സ്വയംചികിത്സ ചെയ്യുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വൈറൽ പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ശനിയാഴ്ച 309 പേർ ചികിത്സ തേടി. ഈമാസം 6739 പേർ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് കണക്ക്.
ജില്ലയിൽ ഈ മാസം 24 പേർക്ക് ചിക്കൻപോക്സും 31 കുട്ടികൾക്കു മുണ്ടിനീരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ 15 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.