തൊടുപുഴ: നാട് മുമ്പെങ്ങുമില്ലാത്ത തരത്തിൽ കാട്ടാന ഭീതിയിലാണ്. ജനവാസ മേഖലയിലേക്കടക്കം കാട്ടാനകൾ കൂട്ടമായി കയറിയിറങ്ങുന്നു. കാട്ടാനയുടെ സാന്നിധ്യം ഇല്ലാതിരുന്ന പല മേഖലയിലും ഇപ്പോൾ ഇവറ്റകളുടെ ആക്രമണ ഭീതിയിലാണ്. ഓരോ മനുഷ്യജീവൻ പൊലിയുമ്പോഴും അധികൃതർ വാഗ്ദാനങ്ങളുമായി എത്തുന്നതല്ലാതെ കാട്ടാന ശല്യമൊഴിവാക്കാൻ നടപടിയൊന്നുമുണ്ടാകുന്നില്ല.
ഉടുമ്പന്നൂര്‍: മലയിഞ്ചി മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് ജാഗ്രത നിര്‍ദേശം നല്കി വനം വകുപ്പ്.
ഒരുവര്‍ഷം മുമ്പ് വേളൂര്ഭാഗത്ത് കാട്ടാനയിറങ്ങിയിരുന്നെങ്കിലും പുഴ കടന്ന് ജനവാസ മേഖലയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍, ഇത്തവണ പുഴകടന്ന് ഏഴോളം വരുന്ന കാട്ടാനക്കൂട്ടം എത്തിയതായാണ് സൂചന. ഇതേതുടര്‍ന്നാണ് വനം വകുപ്പ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ബൗണ്ടറിക്കു താഴ്ഭാഗത്തുള്ള പാഴൂക്കര മേഖലയില്‍ കാട്ടാനക്കൂട്ടം എത്തിയതായി നാട്ടുകാര്‍ പറഞ്ഞു.
ഇവിടെ നിന്ന് അരകിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആള്‍ക്കല്ല്, മലയിഞ്ചി പ്രദേശത്തും ആനയെത്തും. ഈ ഭാഗത്ത് ആനശല്യം ഇതുവരെ ഉണ്ടാകാത്ത മേഖലയാണ്. കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കാന്‍ അടിയന്തര നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.
അടിമാലി: വൈദ്യുതി വേലി തകർന്നത് മൂലം കാട്ടാനശല്യം രൂക്ഷമായതോടെ വൈദ്യുതി വേലി സ്വന്തമായി നന്നാക്കി നാട്ടുകാർ.
അടിമാലി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വാളറ കുളമാം കുഴി നിവാസികളാണ് വൈദ്യുതി വേലി പുനഃസ്ഥാപിച്ചത്.
കാടുമൂടിയും മരച്ചില്ലകൾ വീണും തകർന്ന വൈദ്യുതി വേലി കാടുവെട്ടിയും തുരുമ്പ് എടുത്ത് നശിച്ചവ മാറ്റിസ്ഥാപിച്ചും വേലി നന്നാക്കുന്ന നടപടി തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന പണി ബുധനാഴ്ചയും തുടർന്നു. രണ്ടു വർഷമായി പഞ്ചായത്തിൽ നിരന്തരം കാട്ടാന ശല്യം തുടരുന്ന സ്ഥലമാണ് കുളമാംകുഴി. വാളറ ഫോറസ്റ്റ് സ്റ്റേഷന് സമീപവുമാണ്. എന്നാൽ, വനം വകുപ്പ് കാട്ടാന ശല്യം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഇതിൽ പ്രതിഷേധിച്ചും സ്വയം സുരക്ഷക്കും വേണ്ടിയാണ് വൈദ്യുതി വേലി നന്നാക്കൽ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.