തൊടുപുഴ: കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തി ഏലക്ക മോഷണം പതിവാകുന്നു. പ്രധാന ഉൽപാദന മേഖലകളായ പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട് മേഖലയിലെല്ലാം മോഷണം തുടരുകയാണ്. ഏലക്കക്ക് ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെയാണ് രാത്രി വിളവെടുക്കാനിറങ്ങുന്ന മോഷ്ടാക്കളുടെ എണ്ണം കൂടുന്നത്. പാകമായവ മാത്രം കൃത്യമായി വിളവെടുക്കുന്നതാണ് ഇപ്പോഴത്തെ മോഷ്ടാക്കളുടെ രീതിയെന്ന് കർഷകർ പറയുന്നു. കൃത്യമായ തൂക്കമോ തെളിവുകളോ ഇല്ലാതെ ആരോട് പരാതി പറയുമെന്നും കർഷകർക്കറിയില്ല. വിളവെടുത്ത ശേഷം ശേഖരിക്കുന്ന ഏലക്കയും കർഷകരുടെ കണ്ണുവെട്ടിച്ച് മോഷ്ടാക്കൾ കടത്തുന്നുണ്ട്. പല മേഖലയിലും രാത്രിയും പകലും മോഷണം നടക്കുന്നതായി കർഷകർ പറയുന്നു. കർകരിൽനിന്ന് വ്യാപാരികൾ ശേഖരിക്കുന്ന ഏലക്കയും മോഷ്ടാക്കൾ കവരുന്നത് ജില്ലയിൽ വ്യാപകമാകുകയാണ്.
നഷ്ടം വളരെ വലുതെന്ന് വ്യാപാരികൾ
കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന ഏലക്ക മോഷണം പോകുന്നത് സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അവധിക്ക് വിൽപന നടത്തിയും വിദേശ വിപണികളെയും ആശ്രയിച്ച് വിപണനം നടത്തുന്നതുകൊണ്ട് സ്റ്റോറുകളില്‍ മാസങ്ങളോളം സൂക്ഷിക്കേണ്ടി വരും. കര്‍ഷകര്‍ക്ക് മുഴുവന്‍ തുകയും നല്കി സംഭരിക്കുന്ന ഏലക്ക മോഷണം പോയാല്‍ ട്രേഡര്‍മാര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്.
വരൾച്ചകൊണ്ടും വന്യജീവി ആക്രമണംകൊണ്ടും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏലം കര്‍ഷകര്‍ കൊടിയ ദാരിദ്രത്തില്‍ അകപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഒരു വർഷം; മോഷ്ടിച്ചത് ഒരു കോടിയുടെ ഏലക്കയും കുരുമുളകും
കഴിഞ്ഞ വർഷം ഒരു കോടിയുടെ ഏലക്കയും കുരുമുളകുമാണ് ജില്ലയിൽനിന്ന് മോഷണം പോയതെന്നാണ് വ്യാപാരികളുടെ കണക്ക്. വ്യാപാര സ്ഥാപനങ്ങളിലടക്കം മോഷണം വ്യാപകമാകുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. അടുത്തിടെ കട്ടപ്പനയിലെ ആർ.എം.എസ് സ്പൈസസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 120 കിലോ ഏലക്കയാണ് കടത്തിയത്. നാല് ലക്ഷത്തോളം രൂപ വിലവരുന്ന ഏലക്ക നഷ്ടമായി.
ഡിസംബറിൽ ഉപ്പുതറ, വണ്ടൻമേട് സ്റ്റേഷനുകളിലായി അഞ്ചുപേരാണ് ഏലക്ക മോഷണവുമായി ബന്ധപ്പെട്ട് ഒറ്റദിവസം പിടിയിലായത്. ചീന്തലാർ ലൂസിഫർ പള്ളിക്ക് സമീപത്തെ പാട്ടഭൂമിയിൽനിന്നാണ് ഇവർ 25 കിലോ പച്ചഏലക്ക മോഷ്ടിച്ചത്. ശരം ഉൾപ്പെടെ മുറിച്ചെടുക്കുകയായിരുന്നു.
പ്രതികളിലൊരാളായ റെജിയുടെ വീട്ടിലിരുന്ന് ശരത്തിൽനിന്ന് ഏലക്ക അടർത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. പുറത്തുനിന്ന് താഴിട്ടു പൂട്ടിയ നിലയിലായിരുന്നു വീട്. പൂട്ടിയിരുന്ന വീടിനുള്ളിൽ ആളനക്കം ഉണ്ടെന്ന് സമീപവാസിയായ പഞ്ചായത്ത് അംഗം എം.എൻ. സന്തോഷ്, ഹോം ഗാർഡ് തൊണ്ടിപ്പറമ്പിൽ മോനിച്ചൻ എന്നിവർ നടത്തിയ നിരീക്ഷണത്തിൽ മനസ്സിലായി. ഇവർ അറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പൊലീസെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും നേരിട്ടാണ് കർഷകർ കൃഷി ഇറക്കുന്നത്. ഇതിനിടെ മോഷണം കൂടി വ്യാപകമായതോടെ എന്തു ചെയ്യണമെന്നറിയാതെ കർഷകർ അങ്കലാപ്പിലാണ്.
ഉറക്കമൊഴിച്ച് കർഷകരും വ്യാപാരികളും; കാവലിന് ഗൂർഖകളെ എത്തിക്കും
മോഷണം വ്യാപകമായതോടെ കർഷകരും വ്യാപാരികളും ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട ഗതികേടിലാണ്. കർഷകർ പലരും കൃഷിയിടത്തിൽ തന്നെ താൽക്കാലിക സംവിധാനമൊരുക്കി കാവലിരിക്കുകയാണ്.
വിൽപനക്ക് കൊണ്ടുവരുന്ന ആളുകളിൽനിന്ന് ആധാർ കാർഡിന്റെ കോപ്പി വാങ്ങി സ്ഥലം, സമയം, അളവ് എന്നിവ രേഖപ്പെടുത്തിയാൽ ഇത്തരം മോഷ്ടാക്കളിൽനിന്ന് കർഷകരെ ഒരുപരിധിവരെ രക്ഷിക്കാനാകുമെന്ന് കർഷകർ പറയുന്നു. ഇത് സംബന്ധിച്ച നിർദേശം വ്യാപാരികളും നൽകുന്നുണ്ട്. നേപ്പാളിൽനിന്നടക്കം ഏലത്തോട്ടം കാവലിന് ഗൂർഖകളെ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കർഷകരും വ്യാപാരികളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.