നെടുങ്കണ്ടം: മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതിയോ ജനപ്രതിനിധികളോ തിരിഞ്ഞുനോക്കാതെയും ചോദിച്ചുവാങ്ങാൻ സംസാരശേഷിയും കേൾവിശക്തിയുമില്ലാതെയും ദമ്പതികൾ. മടക്കാലില്‍ മുഹമ്മദ് അൻസാരിയും ഭാര്യ ഷാമിലയും ജന്മനാ ഊമരും ബധിരരുമാണ്. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാര്‍ഡിലെ താമസക്കാരാണ് ഇവർ.
നാലിലും രണ്ടിലും പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന നാലംഗ കുടുംബം കഴിയുന്നത് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന പടുത കെട്ടിമറച്ച ഷെഡിലാണ്. അടച്ചുറപ്പുള്ള വീടിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങൾ ഏറെയായി. കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ കസേരയോ ഒരു മേശയോ എന്തിനേറെ ശുചിമുറിപോലും ഇവർക്കില്ല.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പുതിയ റേഷന്‍ കാര്‍ഡ് ആയിരുന്നതിനാല്‍ അന്ന് വീട് ലഭിച്ചില്ല.
പിന്നീട് തുടര്‍ച്ചായായി ഇവര്‍ വീടിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഭിന്നശേഷിക്കാർക്കായി ലഭിക്കുന്ന 1600 രൂപ പെൻഷൻ തുക മാത്രമാണ് ആകെ വരുമാനം. കൂടാതെ ഓട്ടോ തൊഴിലാളിയായ സഹോദന്റെ സഹായവുമാണ് ആശ്രയം. അടുത്തറിയാവുന്ന ചിലർ കൂലിപ്പണിക്ക് വിളിച്ചാൽ മാത്രം അൻസാരി പോകും.
വീടിനായി അൻസാരി മുട്ടാത്ത വാതിലുകളില്ല. സ്വന്തമായുള്ള 12 സെന്റിൽ ഇഴജന്തുക്കൾ കയറാത്ത, ശുചിമുറിയുള്ള കൊച്ചുവീടും മക്കൾക്ക് പഠിക്കാനുള്ള സൗകര്യങ്ങളും മാത്രമാണ് അൻസാരിയുടെ സ്വപ്നം.
സ്വപ്നം സാക്ഷാത്കരിക്കാൻ സഹായ സന്നദ്ധരായ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ലൈഫ് ഭവന പദ്ധതയില്‍, ജനറല്‍ വിഭാഗത്തില്‍ കുടുംബം ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍ഗണന അനുസരിച്ച് വീട് ലഭ്യമാകുമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.