തൊടുപുഴ: വേനൽ ചൂട് കടുത്തു തുടങ്ങിയതോടെ ശുദ്ധ ജലക്ഷാമം ജില്ലയെ വീർപ്പുമുട്ടിക്കുന്നു. തൊണ്ട നനക്കാൻ തീവില കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയാണ് പലയിടത്തും. ഫെബ്രുവരിയുടെ തുടക്കത്തിൽ തന്നെ ജില്ലയുടെ പല ഭാഗങ്ങളും രൂക്ഷമായ ശുദ്ധജല ക്ഷാമത്താൽ വലയുകയാണ്. കുടിവെളള ക്ഷാമത്തിനിടയിലും പൊട്ടിയൊലിച്ചു ശുദ്ധജലം പാഴാകുന്ന പൈപ്പ് ലൈനുകൾ പലയിടത്തുമുണ്ട്.
വരാൻ പോകുന്ന വരൾച്ചയെ തടഞ്ഞുനിർത്താൻ പദ്ധതികളെ പുനർജീവിപ്പിക്കുകയും നിലവിൽ പദ്ധതികളൊന്നുമില്ലാത്ത ഇടങ്ങളിൽ ജനങ്ങൾക്കു സഹായമാകുന്ന രീതിയിൽ ജലവിതരണം നടത്തുകയോ ചെയ്യാത്തതാണ് വേനലിലെ കുടിവെള്ള പ്രതിസന്ധിയെ രൂക്ഷമാക്കുന്നത്.
കട്ടപ്പന: ഹൈറേഞ്ചിൽ വരൾച്ച രൂക്ഷമായതോടെ കുടിവെള്ളം കിട്ടാക്കനിയാണ്. പലയിടങ്ങളിലും നീരുറവകൾ വറ്റിക്കഴിഞ്ഞു. ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയാറാണെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ കടുത്ത വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഹൈറേഞ്ചിലെ പല മേഖലകളിലും ഫെബ്രുവരി പകുതിയാകുന്നതിന് മുമ്പ് തന്നെ കുടിവെള്ളം കിട്ടാക്കനിയായി. പെരിയാറും മറ്റ് ജല സ്രോതസ്സുകളും വറ്റിതുടങ്ങിയതോടെ പല കുടിവെള്ള പദ്ധതികളും അവതാളത്തിലാണ്. ഉയർന്ന മേഖകളിൽ നീരുറവകൾ വറ്റിയ സാഹചര്യത്തിൽ ആളുകൾ വിലയ്ക്കാണ് വെള്ളം വാങ്ങുന്നത്.
കട്ടപ്പന നഗരസഭയിലെ കല്യാണ തണ്ട്, വലിയപാറ തുടങ്ങിയ സ്ഥലങ്ങളിൽ അടുത്തകാലത്തെ ഏറ്റവും വലിയ വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഒരു ലോഡ് വെള്ളമെത്തിക്കണമെങ്കിൽ 750 മുതൽ 1200 രൂപ വരെയാണ് വില നൽകേണ്ടി വരുന്നത്. തദ്ദേശസ്ഥാപനങ്ങൾ ജല വിതരണം തുടങ്ങുകയാണെങ്കിൽ ജനങ്ങൾക്ക് കൂടുതൽ ആശ്വാസകരമാകും. ഉപ്പുതറ, പീരുമേട് തേയില തോട്ടം മേഖലയിലും കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ആളുകൾ വലിയ പത്രങ്ങളിൽ വളരെ ദുരം ചുമന്നാണ് കുടിവെള്ളം വീടുകളിൽ എത്തിക്കുന്നത്.
ഹൈറേഞ്ചിലെ പ്രധാന നദികളായ പെരിയാർ, കട്ടപ്പനയാർ, കല്ലാർ, ഇരട്ടയാർ, ആമയാർ തുടങ്ങിയ നദികളിലെ ജല നിരപ്പ് ക്രമാതീതമായി താഴ്ന്നതാണു കുടിവെള്ള ഷാമം രൂഷമാക്കിയത്. ഒട്ടുമിക്ക കിണറു കളിലും ജലനിരപ്പ് വല്ലാതെ താഴ്ന്നു.ഇപ്പോഴത്തെ സാഹചര്യം തന്നെയാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എങ്കിൽ ഹൈറേഞ്ചിൽ കുടി വെള്ളം കിട്ടാക്കനിയാകുന്ന സ്ഥിതിയാണ് ഉണ്ടാകുക.
മറയൂർ: മറയൂർ മേഖലയിൽ ശുദ്ധജലക്ഷാമം തുടരുകയാണ്. മലനിരകളിൽ വറ്റാത്ത ജലസ്രോതസ്സുകൾ ഉണ്ടെങ്കിലും അശാസ്ത്രീയമായ നിർമാണങ്ങളാണ് ശുദ്ധജല ക്ഷാമത്തിന് കാരണമാകുന്നത്. തുടർച്ചയായി ശുദ്ധജലം ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് നാച്ചിവയൽ ഗ്രാമവാസികൾ കാലിക്കുടങ്ങളുമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു.
2013- 14 കാലഘട്ടത്തിലാണ് ജലനിധി പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചെങ്കിലും ഈ പദ്ധതിയിലൂടെ സ്ഥാപിച്ച പൈപ്പുകളിൽ വെള്ളം ഒഴുകുന്നത് തോന്നിയ രീതിയിലാണ്. ഒരു ദിവസം പോലും പൂർണമായും വെള്ളം ഒഴുകിയിട്ടില്ല. ഇതിനെ തുടർന്ന് ഒട്ടേറെ പൊരാട്ടങ്ങളാണ് ഗ്രാമവാസികൾ നടത്തിയത്. എന്നാലും ശുദ്ധജലം കൃത്യമായി ലഭിക്കാറില്ല . കഴിഞ്ഞ കുറെ ദിവസങ്ങളായി വല്ലപ്പോലും രാത്രിയിൽ 12ന് പൈപ്പിലൂടെ വെള്ളംവരും.
പലരും പാമ്പാറ്റിൽ എത്തിയാണ് ശുദ്ധജലം ശേഖരിക്കുന്നത്. തുടർന്നും കോടികൾ മുടക്കി തുടർനിർമ്മാണം നടത്തുന്നുണ്ടെങ്കിലും പൂർണ്ണമായ പരിഹാരം കാണാൻ കഴിയുന്നില്ല . ഇതേ തുടർന്നാണ് നാച്ചിവയൽ ഗ്രാമത്തിൽ റോഡിലൂടെ കാലികുടങ്ങളുമായി വീട്ടമ്മമാരും കുട്ടികളുമടക്കം സൂചന സമരം നടത്തിയത്. കഴിഞ്ഞദിവസം സഹായിഗിരി ഭാഗത്ത് ശുദ്ധജലം ലഭ്യമല്ലാത്തതിനെ തുടർന്ന് മറയൂരിൽ റോഡ് ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.