കട്ടപ്പന: വണ്ടൻമേട് പുറ്റടിയിൽ വൈദ്യുതാഘാതമേറ്റ് പിതാവും രണ്ടു മക്കളും മരിച്ച് ഒരുവർഷം തികയുമ്പോഴും അപകടത്തിനിടയാക്കിയ കൃഷിയിടത്തിൽ നിന്ന് മാറ്റിസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. പുറ്റടി നായർ സിറ്റി ചെമ്പകശ്ശേരിയിൽ കനകാധരൻ നായർ, മക്കളായ സി.കെ. വിഷ്ണു, സി.കെ. വിനീത് (വിനോദ്) എന്നിവരാണ് 2023 ഒക്ടോബർ 10ന് ഉച്ചകഴിഞ്ഞ് മുന്നോടെ വീടിന് സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ചത്.
ഇവരുടെ വീടിന് സമീപത്തുകൂടി കടന്നുപോകുന്ന ലൈനിലേക്ക് കുരുമുളക് വള്ളിയുടെ താങ്ങുകാലായി ഉപയോഗിക്കുന്ന ശീമമുരിക്ക് കടപുഴകി വീണ് കമ്പി പൊട്ടിയിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റ് അപകടം ഉണ്ടാകാതിരിക്കാൻ പാടത്തിനു നടുവിലെ പോസ്റ്റിലുള്ള ഫ്യൂസ് ഊരിമാറ്റാനായി പിതാവും മക്കളും പോകുമ്പോഴാണ് മൂവരും അപകടത്തിൽപ്പെട്ടത്.
മരം വീണതിനെ തുടർന്ന് ഇവരുടെ വീട്ടിലേക്ക് ഇറങ്ങുന്ന വഴിയിലും പാടത്തും വൈദുതി ലൈൻ പൊട്ടി വീണിരുന്നു. ഇതറിയാതെയാണ് ഈ വഴിയിലൂടെ ഇവർ നടന്നത്. പാടത്തെ കൃഷി വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ സ്ഥാപിച്ച സോളാർ ഫെൻസിങ്ങിലേക്കും മഴ പെയ്ത് പാടത്ത് രൂപപെട്ട വെള്ളക്കെട്ടിലേക്കും വൈദ്യുതലൈൻ പൊട്ടി വീണ് വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. ഇതറിയാതെ വെള്ളത്തിലിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്.
അപകടത്തിന് ഇടയാക്കിയ കൃഷിയിടത്തിലൂടെയും വീടിന് സമീപത്തുകൂടിയും കടന്നുപോകുന്ന ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപെട്ട് അന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് വൈദുതി ലൈൻ മാറ്റി സ്ഥാപിക്കാമെന്ന് ബോർഡ് അധികൃതർ അറിയിച്ചിരുന്നു.
ഒരുവർഷമായിട്ടും ലൈൻ മാറ്റിസ്ഥാപിച്ചില്ല. അതേസമയം, ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്തിട്ടുണ്ടെന്നും സാധനസാമഗ്രികൾ എത്തിയാലുടൻ ലൈൻ മാറ്റുമെന്നും കെ.എസ്.ഇ.ബി കട്ടപ്പന എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.