കട്ടപ്പന: ഇരട്ടയാർ ഡാമിലെ മത്സ്യസമ്പത്തിന് ഭീഷണിയായ മാലിന്യം നീക്കി മത്സ്യത്തൊഴിലാളികളും ഹരിതകർമസേനയും. ഡാമിൽനിന്ന് മത്സ്യം പിടിച്ചു ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളായ ഇരട്ടയാർ ആക്കാട്ടുകുന്നേൽ തങ്കച്ചൻ, കാവുങ്കൽ നോബി, ഊരോത്ത് വിനോദ്, കാവുങ്കൽ ബിനോയി, ബെന്നി, മനോജ് എന്നിവരാണ് വള്ളത്തിൽ മാലിന്യം ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറിയത്.
ഡാമിലെ മത്സ്യസാമ്പത്തിന് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് മത്സ്യത്തൊഴിലാളികളെ ഇതിന് പ്രേരിപ്പിച്ചത്. ഗ്രാമപഞ്ചായത്തിന്റെ അഭ്യർഥനയും തുണയായി. അടുത്തയിടെ ഡാമിൽ മൂന്ന് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. മാലിന്യം നീക്കിയില്ലെങ്കിൽ മത്സ്യസമ്പത്ത് ഇല്ലാതാകുന്നതിനും ഇടയാക്കുമായിരുന്നു.
ഹരിതകർമ സേന അംഗങ്ങളായ റോസമ്മ തോമസ്, എ.എസ്. അനിത, ജെസി തോമസ്, പ്രിൻസി ജോസഫ്, സെലിൻ വർഗീസ്, രഞ്ജു ജേക്കബ്, ഇ.എസ്. രജനി, ഷാന്റി ഷിജോ തുടങ്ങിയവർ ചേർന്നാണ് ഇവ തരംതിരിച്ചത്. തരംതിരിച്ചവ എം.സി.എഫിൽ എത്തിച്ചശേഷം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നടപടിയെടുത്തു.
ഇരട്ടയാർ ഡാമിലേക്ക് വിവിധ പോഷക നദികളിൽനിന്ന് ഒഴുകിയെത്തിയതാണ് മാലിന്യം. നദിയോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വലിച്ചെറിഞ്ഞതും പുറംതള്ളിയതുമാണ് ഇരട്ടയാർ ഡാമിൽ അടിഞ്ഞത്. രണ്ടായിരത്തോളം കിലോ മാലിന്യമാണ് ജലശയത്തിൽനിന്ന് ശേഖരിച്ചത്.
ആറ് മത്സ്യത്തൊഴിലാളികളും എട്ട് ഹരിതകർമ സേനാംഗങ്ങളും ചേർന്ന് രണ്ടുദിവസംകൊണ്ട് നീക്കം ചെയ്തത്. മാലിന്യംകൊണ്ട് ജലശയത്തിന്റെ മുകൾ ഭാഗം മിക്കവാറും മൂടിയ നിലയിലായിരുന്നു. ഡാം സേഫ്റ്റി അതോറിറ്റിയാണ് ഇവയെല്ലാം മാറ്റേണ്ടതെങ്കിലും മാലിന്യം വിവിധയിടങ്ങളിലായി അടിഞ്ഞുകൂടി പകർച്ചവ്യാധി ഭീഷണി സൃഷ്ടിച്ചതോടെ പഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങുകയായിരുന്നു. മാലിന്യം ഒഴുകി അഞ്ചുരുളി ടണൽ വഴി ഇടുക്കി ജലാശയത്തിലേക്ക് എത്തുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് ഇവ അടിയന്തരമായി നീക്കം ചെയ്യാൻ ഇരട്ടയാർ പഞ്ചായത്ത് തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, സെക്രട്ടറി എൻ.ആർ. ശിവദാസ്, ഹരിതകർമസേന പഞ്ചായത്ത് കോഓഡിനേറ്റർ എബി വർഗീസ്, ജോയി വർഗീസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനം. പകർച്ചപ്പനി, അടക്കം ഇരട്ടയാർ മേഖലയിൽ വർധിക്കുന്ന സാഹചര്യവും മാലിന്യ നിർമാർജനത്തിന് പ്രേരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.