കട്ടപ്പന: ഉടമ ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികൾ വറുതിയിൽ. അറ്റകുറ്റപ്പണി നടത്താത്ത ലയങ്ങളിൽ നരകജീവിതം നയിക്കുകയാണ് ഇവർ. 24 വർഷം മുമ്പ് ഉടമ ഉപേക്ഷിച്ചതാണ് പീരുമേട് ടീ കമ്പനി. അഞ്ഞൂറിലേറെ തൊഴിലാളി കുടുംബങ്ങളാണ് മറ്റ് ആശ്രയമില്ലാതെ കമ്പനിവക ലയങ്ങളിൽ കഴിയുന്നത്.
2000 ഡിസംബർ 13നാണ് പീരുമേട് ടീ കമ്പനി ഉടമ ഉപേക്ഷിച്ചുപോയത്. പിന്നീട് ഒരിക്കൽപോലും ഉടമ തോട്ടം സന്ദർശിച്ചിട്ടില്ല. എട്ടുവർഷം മുമ്പ് പാട്ട കരാറിന്റെ അടിസ്ഥാനത്തിൽ തോട്ടം തുറന്നെങ്കിലും അധികം കഴിയാതെ പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചു. 24 വർഷം പിന്നിടുമ്പോൾ പീരുമേട് ടീ കമ്പനിയുടെ മൂന്ന് ഡിവിഷനുകളിലെയും തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിന്റെ കൊടുമുടിയിലാണ്. പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ. പട്ടിണി ഇല്ലാതാക്കാൻ പുറത്ത് പണിക്കുപോകുന്ന തൊഴിലാളികൾ. അവരുടെ വരവും കാത്തിരിക്കുന്ന കുഞ്ഞുങ്ങളും പ്രായമായവരും. മഴ പെയ്താൽ കുടയും ചൂടി വീട്ടിലിരിക്കേണ്ട അവസ്ഥ. ഇതൊക്കെയാണ് തൊഴിലാളികളുടെ സ്ഥിതി. ഉടമ ഉപേക്ഷിച്ചുപോയതോടെ യൂനിയനുകൾ ഇടപെട്ട് വീതിച്ചുനൽകിയ ഭാഗത്തുനിന്നുള്ള കൊളുന്തെടുത്ത് വിറ്റാണ് കുടുംബങ്ങൾ പട്ടിണി മാറ്റുന്നത്. സൗജന്യ റേഷൻ അരിയാണ് എല്ലാവരുടെയും ആശ്രയം. മരുന്ന് വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്താൻ തൊഴിലാളികൾക്കു കഴിയുന്നില്ല.
ജീവിക്കാൻ മറ്റു വഴികൾ ഇല്ലാതെ നിരവധി തൊഴിലാളികൾ ഇവിടം വിട്ടുപോയി. വർഷങ്ങളായി ജോലി ചെയ്തതിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകാതെ നൂറുകണക്കിന് ആളുകൾ രോഗബാധിതരായി ഇപ്പോഴും ലയങ്ങളിൽ കഴിച്ചുകൂട്ടുന്നു. ചികിത്സക്കുപോലും പണമില്ലാതെ പലരും മരണത്തിനു കീഴടങ്ങി.
പീരുമേട് ടീ കമ്പനിക്ക് പൂട്ടുവീണതോടെ ലോൺട്രി, ചീന്തലാർ എന്നീ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന നൂറുകണക്കിനു തൊഴിലാളികളുടെ ജീവിതമാണ് വിഷമത്തിലായത്. പൂട്ടിയ തോട്ടങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർതലത്തിൽ പലതവണ ചർച്ച നടന്നെങ്കിലും ഒന്നും ഫലംകണ്ടില്ല.
തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ വിതരണം ചെയ്തശേഷം തോട്ടങ്ങൾ തുറന്നാൽ മതിയെന്നാണു ട്രേഡ് യൂനിയനുകളുടെ നിലപാട്. എന്നാൽ, ഇത് അംഗീകരിക്കപ്പെട്ടില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2014ൽ പാട്ടവ്യവസ്ഥ പ്രകാരം തോട്ടം തുറന്നെങ്കിലും അധികം ആയുസ്സുണ്ടായില്ല. കൂലിയും മറ്റ് ആനുകൂല്യങ്ങളും നൽകാനാകാതെ വന്നതോടെ ഒന്നര വർഷത്തിനുശേഷം പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചു.
ഇതിനുശേഷവും പലതവണ ചർച്ച നടന്നു. 2018ൽ നടന്ന ചർച്ചയിൽ തോട്ടം തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
ഫാക്ടറി തുറക്കുമെന്നും തങ്ങളുടെ ദുരിതം തീരുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ. ഉടമ കമ്പനി ഉപേക്ഷിക്കുമ്പോൾ 1300 സ്ഥിരം തൊഴിലാളികളും അത്രയും താൽക്കാലിക തൊഴിലാളികളുമാണ് തോട്ടത്തിൽ ജോലി ചെയ്തിരുന്നത്. ആ സമയത്ത് മൂന്നുവർഷത്തെ ബോണസ്, എട്ടുമാസത്തെ ശബള കുടിശ്ശിക ഉൾപ്പെടെ പതിനായിരക്കണക്കിനു രൂപ തൊഴിലാളികൾക്കു ലഭിക്കാനുണ്ടായിരുന്നു. അന്നത്തെ തൊഴിലാളികളിൽ ഭൂരിഭാഗത്തിനും ഇപ്പോൾ പെൻഷൻ പ്രായം കഴിഞ്ഞു. തോട്ടം തുറന്നാൽ ഇവർക്കുള്ള ആനുകൂല്യങ്ങൾ നൽകുകയും പുതിയ തൊഴിലാളികളെ കണ്ടെത്തുകയും വേണം.
24 വർഷം അനാഥമായിക്കിടന്ന ഫാക്ടറി ഇപ്പോൾ ഉപയോഗക്ഷമമല്ല. യന്ത്രങ്ങൾ പലതും മോഷണംപോയി. അവശേഷിക്കുന്ന തുരുമ്പുപിടിച്ചു നശിച്ചു. തോട്ടം ഉടമയുടെ ബംഗ്ലാവ്, ഓഫിസ്, ക്വാർട്ടേഴ്സ്, ഗ്രൂപ് ഹോസ്പിറ്റൽ തുടങ്ങിയവ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളിൽനിന്നും എടുക്കാവുന്ന വസ്തുക്കളെല്ലാം കവർന്നു. തോട്ടത്തിന്റെ ചില ഭാഗങ്ങൾ തൊഴിലാളി യൂനിയൻ നേതാക്കളുടെ കൈവശത്തിലാണെന്ന് ആക്ഷേപമുണ്ട്. ചിലർ അത് മറിച്ചുവിറ്റതായും അത്തരം ഭൂമികളിൽ വീടുനിർമിച്ച് കെട്ടിട നമ്പർ സംഘടിപ്പിച്ചതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.