മറയൂർ: മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ തടസ്സം നിൽക്കുന്നത് സി.പി.ഐ നേതൃത്വമാണെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി.വട്ടവടയിൽ പാവപ്പെട്ടവരുടെ ഭൂമി ഉൾപ്പെടുത്തി നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് സി.പി.ഐയുടെ മുൻ മന്ത്രി ബിനോയ് വിശ്വമാണെന്നും മണി ആരോപിച്ചു.
സി.പി.എം മറയൂർ ഏരിയ കമ്മിറ്റി വട്ടവടയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.ഐയുടെ മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ എം.എം. മണി നടത്തിയത്. മാറിവന്ന സർക്കാറുകളിലെ സി.പി.ഐ റവന്യൂ മന്ത്രിമാരടക്കമുള്ളവരാണ് വട്ടവടയിൽ ഭൂമി കൈയേറ്റം വ്യാപകമാണെന്ന് പ്രചരിപ്പിച്ചത്. സി.പി.എം അന്നും ഇന്നും സാധാരണക്കാരോടൊപ്പമാണ്.മേഖലകളിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ച് സി.പി.എം ഇന്നുവരെ ജനങ്ങൾക്കെതിരായ പ്രസ്താവന നടത്തിയിട്ടില്ല.
ഇങ്ങനെ ജനങ്ങൾക്കെതിരായി നിൽക്കുന്ന പാർട്ടിയിലേക്കാണ് സി.പി.എമ്മിൽനിന്ന് പി. രാമരാജ് ചേക്കേറിയത്.നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി എ. രാജയെ തോൽപിക്കാൻ രാമരാജ് ശ്രമിച്ചെന്ന് ആരോപിച്ച മണി, സി.പി.എം നേതാക്കൾക്ക് വട്ടവടയിൽ ബിനാമി പേരിൽ സ്വത്തുണ്ടെന്ന് തെളിയിച്ചാൽ അത് മുഴുവൻ പാവങ്ങൾക്ക് വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.വി. ശശി, സി.വി. വർഗീസ്, എ. രാജ എം.എൽ.എ, മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോൻ, ലോക്കൽ സെക്രട്ടറി ടി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.