മറയൂർ: മറയൂർ ശർക്കര എന്ന പേരിൽ വ്യാജ ശർക്കര വിപണിയിൽ എത്തുന്നത് തടയാൻ നടപടിയുമായി കരിമ്പ് ഉൽപാദന വിപണന സംഘം. മറയൂർ ശർക്കരക്ക് ലഭിച്ച ഭൗമസൂചിക പദവിയുടെ സ്റ്റിക്കർ (ജി.ഐ ടാഗ്) കവറിൽ ഒട്ടിച്ചു നൽകാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി അംഗീകൃത ജി.ഐ ടാഗ് കർഷകർക്ക് നൽകിത്തുടങ്ങി.
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ശർക്കര ഒട്ടേറെ കച്ചവടക്കാർ മറയൂർ ശർക്കര എന്ന വ്യാജ ലേബലിലാണ് വിറ്റഴിക്കുന്നത്. ഇതിനാൽ മറയൂർ ശർക്കരയുടെ വിപണനം കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രദേശത്തെ പല കർഷകരും കരിമ്പിൽനിന്ന് മറ്റ് കൃഷികളിലേക്ക് മാറുകയാണ്. ഈ അവസ്ഥ തുടർന്നാൽ മറയൂരിൽനിന്ന് കരിമ്പുകൃഷി അപ്രത്യക്ഷമാകും. ഇത് തടയാനാണ് പുതിയ നീക്കം.
നിലവിൽ മറയൂരിലെ സംഘങ്ങൾ ഉൾപ്പെടെ ആറു പേർക്കാണ് ഭൗമ സൂചിക പദവിയുടെ അംഗീകാരം നൽകിയത്. മറ്റ് കർഷകർ സംഘത്തിന് ഒരു സ്റ്റിന്‍റിന് ഒരു രൂപ നിരക്കിൽ നൽകുകയും തങ്ങളുടെ ഉൽപാദനം എത്ര എന്ന് അറിയിക്കുകയും ചെയ്യുന്നതിനനുസരിച്ച് ആവശ്യമുള്ള സ്റ്റിക്കർ നൽകുമെന്ന് സംഘം പ്രസിഡന്റ് ബി. മണികണ്ഠൻ, സെക്രട്ടറി അക്ബർ അലി എന്നിവർ പറഞ്ഞു. ഇനി മുതൽ ജി.ഐ ടാഗ് ഒട്ടിച്ച് മാത്രമായിരിക്കും മറയൂർ ശർക്കരയുടെ വിപണനം. സ്റ്റിക്കർ ഒട്ടിക്കാത്തവ മറയൂർ ശർക്കരയായി അംഗീകരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.