നെടുങ്കണ്ടം: കെ.എസ്.ആര്.ടി.സി ഒന്നൊന്നായി സര്‍വിസ് നിര്‍ത്തുന്നതോടെ ഹൈറേഞ്ച് മേഖലയിലെ യാത്രക്കാര്‍ പെരുവഴിയിലായി. ഹൈറേഞ്ച് മേഖലയില്‍നിന്ന് വെളുപ്പിനെയുള്ള ആദ്യസര്വിസുകളാണ് നിര്‍ത്തിയിരിക്കുന്നത്. നഷ്ടത്തിന്റെ പേരുപറഞ്ഞാണ് ഇവ നിര്‍ത്തിയിരിക്കുന്നത്.
പുലര്‍ച്ച കോഴിക്കോടിന് സര്‍വിസ് നടത്തിയിരുന്ന ദീര്‍ഘദൂര സര്‍വിസ് വെട്ടിച്ചുരുക്കി തൃശൂര്‍ വരെയാക്കി. 4.40ന് പാലക്കാട്ടേക്ക് സര്‍വിസ് നടത്തിയ ബസ് ചങ്ങനാശ്ശേരിയിലേക്കും മാറ്റി.
പുലര്‍ച്ച അഞ്ചിന് നെടുങ്കണ്ടത്തുനിന്ന് പുറപ്പെട്ട് മൈലാടുംപാറ, മുനിയറ, അടിമാലി കോതമംഗലം,മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി, ഏരുമേലിവഴി ഉച്ചക്ക് 12ന് പത്തനംതിട്ടയിലും തിരികെ 12.30ന് പുറപ്പെട്ട് രാത്രി ഏഴിന് നെടുങ്കണ്ടത്ത് എത്തിയിരുന്ന ബസ് കോതമംഗലം ഡിപ്പോയിലേക്ക് മാറ്റി.
അവിടെ നിന്നുമാണ് പത്തനംതിട്ടക്ക് പോകുന്നത്. വെളുപ്പിനെ ഹൈറേഞ്ച് മേഖലയില്‍നിന്ന് കോതമംഗലം ഭാഗത്തേക്കുള്ള ആദ്യവണ്ടിയാണ് നിര്‍ത്തിയിരിക്കുന്നത്. 7.10ന് പുറപ്പെടുന്ന തൃശൂര്‍, കൊട്ടാരക്കര ഭാഗത്തേക്കുള്ള രണ്ട് ബസും നിര്‍ത്തിയിരിക്കുകയാണ്.
നെടുങ്കണ്ടത്തുനിന്നും ചങ്ങനാശ്ശേരിക്ക് സര്‍വിസ് നടത്തിയ ബസും നിര്‍ത്തി. ഇത് മാവടിപോലുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രക്കാരെ വലച്ചു.
ചങ്ങനാശ്ശേരിയില്‍നിന്ന് പൊന്നാമലക്ക് സര്‍വിസ് നടത്തിയ മറ്റൊരു സര്‍വിസ് നെടുങ്കണ്ടത്ത് സര്‍വിസ് അവസാനിപ്പിക്കുകയാണ്. രാവിലെ ആറിന് ചെമ്മണ്ണാറില്‍നിന്ന് കോട്ടയത്തിന് പുറപ്പെട്ട ബസും നിര്‍ത്തി. ചെമ്മണ്ണാറില്‍ നിന്നുള്ള ആദ്യ ബസാണിത്. കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് ധാരാളം യാത്രക്കാര്‍ ഉണ്ടായിരുന്നു.
21 സര്‍വീസുകള്‍ ഉണ്ടായിരുന്ന നെടുങ്കണ്ടം ഡിപ്പോയില്‍നിന്നാണ് ദിര്‍ഘദൂര സര്‍വിസുകള്‍ ഓരോന്നായി നിര്‍ത്തുന്നത്. നാല് ലക്ഷം രൂപയിലധികം ദിവസ കലക്ഷന്‍ നേടി സംസ്ഥാന തലത്തില്‍ പോലും നെടുങ്കണ്ടം ഡിപ്പോ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോള്‍ റൂട്ട് മാറിയും സര്‍വീസുകള്‍ മുടങ്ങിയും സമയ ക്രമം പാലിക്കാതെയും ഡിപ്പോയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്കിയ ശേഷം മാത്രമേ റൂട്ട് മാറാവു എന്ന നിയമം കാറ്റില്‍ പറത്തി എ.ടി.ഒ ഏകപക്ഷീയമായി റൂട്ടുകള്‍ മാറ്റുകയായിരുന്നു. ഇതില്‍ ജീവനക്കാര്‍ക്കുപോലും ശക്തമായ പ്രതിഷേധമുണ്ട്.
ഭരണകക്ഷി യൂനിയനിൽപെട്ട ചിലരുടെ ശക്തമായ ഇടപെടലാണ് ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നതെന്നു പരക്കെ ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.