നെടുങ്കണ്ടം: നേപ്പാള്‍ സ്വദേശി അക്കല്, നെടുങ്കണ്ടംകാരുടെ അക്കോസേട്ടന്. പൊറോട്ട മേക്കറായി ജോലി ചെയ്യുന്നു. പക്ഷേ, ഈ യുവാവ് ഫാഷന്‍ റാമ്പുകളിലെ തരംഗമാണ്.
ജീവിതം കരുപ്പിടിപ്പിക്കാന്‍ പൊറോട്ട വീശുമ്പോഴും മോഡലിങ്ങിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് നേപ്പാളുകാരന് അക്കല് ടൈലയെ (22) ഫാഷന്‍ റാമ്പുകളില്‍ എത്തിച്ചത്. നിരവധി ഫാഷന്‍ ഷോകളില്‍ പങ്കെടുത്ത അക്കൽ, കഴിഞ്ഞയിടെ എറണാകുളത്ത് നടന്ന ഫാഷന്‍ സൂം മത്സരത്തില്‍ കോണ്‍ഫിഡന്റ് ഐക്കണായി തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. ഇതോടെ റാമ്പുകളിൽനിന്ന് റാമ്പുകളിലേക്ക് സഞ്ചാരം തുടങ്ങി.പരസ്യചിത്രങ്ങളിലും മുഖം കാട്ടി. ഏറ്റവുമൊടുവിൽ മോഹന്‍ലാൽ ബ്രാന്‍ഡ് അമ്പാസഡറായ ഉൽപന്നത്തിന്റെ പരസ്യത്തിലും മുഖം കാണിച്ചു.
ഏഴുവര്‍ഷം മുമ്പാണ് നേപ്പാൾ ധംഗധിയി കൈലാലിയിൽനിന്ന് ജ്യേഷ്ഠനും മാതാപിതാക്കള്‍ക്കുമൊപ്പം അക്കൽ നെടുങ്കണ്ടത്ത് എത്തിയത്. മാതാപിതാക്കൾ പിന്നീട് മടങ്ങിയെങ്കിലും അക്കലും ജ്യേഷ്ഠനും ഇപ്പോൾ നെടുങ്കണ്ടംകാരായി. നന്നായി മലയാളം സംസാരിക്കും. തുടക്കം മുതൽ ഹോട്ടൽ ജോലികളായിരുന്നു ചെയ്ത് വന്നിരുന്നത്.
ഇതിനിടെ പൊറോട്ട അടിക്കാനും പഠിച്ചു. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ അല്ലൂസ് തട്ടുകട ഉടമ അൽ അമീനും സുഹൃത്തുക്കളും നല്കുന്ന പിന്തുണയാണ് അക്കലിന്റെ മുതൽക്കൂട്ട്.
ഫാഷൻ ഷോയിൽ പങ്കെടുക്കാന്‍ അക്കൽ പോകുമ്പോൾ, കട അടച്ചിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ജീവിതം കരുപിടിപ്പിക്കാൻ കേരളമേകിയ കരുത്ത്, മോഡലിങ്ങിലെ തന്റെ സ്വപ്നങ്ങൾ നേടാനും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.