നെടുങ്കണ്ടം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കന്നുകാലികളിൽ ചർമമുഴ രോഗം വ്യാപകമാകുന്നത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചർമ മുഴ പൊട്ടി വ്രണമാകുന്നതാണ് കർഷകരെ വലക്കുന്നത്. പടർന്നുപിടിക്കുന്ന ചർമമുഴ (ലംപി സ്കിൻ ഡിസീസ്) എന്ന ഈ വൈറസ് പശുക്കളെയും എരുമകളെയും മാത്രമാണ് ബാധിക്കുക.
പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദന ക്ഷമതയുമെല്ലാം കുറയാൻ കാരണമാകുന്ന സാംക്രമിക ചർമമുഴ രോഗത്തിന് കാരണം എൽ.എസ്.ഡി വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടർത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടൻ, പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അമ്മയിൽനിന്ന് കിടാവിലേക്ക് പാൽ വഴിയും രോഗപ്പകർച്ചക്ക് സാധ്യതയുണ്ട്.
വായുവിലൂടെയോ തീറ്റസാധനങ്ങളിലൂടെയോ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല മനുഷ്യരിലേക്കോ മറ്റു വളർത്തുമൃഗങ്ങളിലേക്കോ ഇത് പകരില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ്്് അധികൃതർ പറയുന്നത്. രോഗാണുബാധയേറ്റ് നാല് മുതൽ 14 ദിവസങ്ങൾക്കകം പശുക്കളും എരുമകളും ലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങും. ഉയർന്ന പനി, പാലുൽപാദനം കുറയൽ, തീറ്റ മടുപ്പ്, മെലിച്ചിൽ, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ്, വായിൽനിന്നും ഉമിനീർ പതഞ്ഞൊലിക്കൽ, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങൾ. തുടർന്ന് 48 മണിക്കൂറിനുള്ളിൽ ത്വക്കിൽ പലഭാഗങ്ങളിലായി രണ്ട് മുതൽ അഞ്ച് സെൻറിമീറ്റർ വരെ വ്യാസത്തിൽ വൃത്താകൃതിയിൽ നല്ല കട്ടിയുള്ള മുഴകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. തീവ്രത കൂടിയാൽ ശരീരമാസകലം മുഴകൾ കാണാനും സാധ്യതയുണ്ട്. രോഗം തീവ്രമായാൽ കന്നുകാലികൾ ചത്തുപോകാനിടയുള്ളതിനാൽ ക്ഷീരകർഷകർ കന്നുകാലി പരിപാലനത്തിൽ പ്രത്യേക ശ്രദ്ധപുലർത്തണം.
കന്നുകാലികളിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. കൂടാതെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനും കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.