നെടുങ്കണ്ടം: ഉപജില്ല സ്കൂള്‍ കലോത്സവം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ‘നൂപുര ധ്വനികള്‍’ എന്ന് പേര് നല്കിയ കലോത്സവത്തില്‍ എട്ട് പഞ്ചായത്തുകളിലെ 52 സ്കൂളിലെ വിദ്യാർഥികള്‍ മാറ്റുരക്കും. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 3,250 കുട്ടികൾ പങ്കെടുക്കും. 10 വേദികളിലായി 93 ഇനങ്ങളിലാണ് മത്സരങ്ങള്‍. ജനറല്‍ കലോത്സവത്തിന് പുറമേ അറബിക്, സംസ്കൃതം, തമിഴ് കലോത്സവങ്ങളും ഇതോടൊപ്പം നടക്കും. ചൊവ്വാഴ്ച രചന മത്സരങ്ങളും ചെണ്ട, തായമ്പക മത്സരങ്ങളുമാണ് നടക്കുന്നത്. രാവിലെ 10ന് എം.എം. മണി എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് ശൗര്യാംകുഴി അനുഗ്രഹ പ്രഭാഷണവും ഇടുക്കി രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ്ജ് തകിടിയേല്‍ മുഖ്യപ്രഭാഷണവും നടത്തും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തന മികവിന് അവാര്‍ഡ് നേടിയ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. സുരേഷ് കുമാര്‍, കോമ്പയാര്‍ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു ജോര്‍ജ്ജ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ബുധനാഴ്ച വിവിധ കലാമത്സരങ്ങൾ നടക്കും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് മുഖ്യാതിഥിയായിരിക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലുള്ളവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.