നെടുങ്കണ്ടം: റവന്യൂ പുറമ്പോക്ക് ഭൂമി സർക്കാർ ജീവനക്കാരെന്ന വ്യാജേന സ്വകാര്യ സർേവയർമാർ അളന്ന് തിരിക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ പരാതിയെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. കോമ്പയാർ ആനക്കല്ലിലാണ് റവന്യൂ പാറ- പുറമ്പോക്ക് ഭൂമി കൈയേറാൻ ശ്രമം നടന്നത്.
സ്ഥലത്ത് സർക്കാറിെൻറ കാറ്റാടി പദ്ധതി വരുന്നുവെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഭൂമി അളക്കാൻ ശ്രമിച്ചത്.
പാറക്കെട്ട് നിറഞ്ഞ സ്ഥലം അളക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാർ നെടുങ്കണ്ടം പഞ്ചായത്ത് എട്ടാം വാർഡ് അംഗം ജയകുമാറിനെ വിവരം അറിയിച്ചതിനെ തുടർന്ന് പാറത്തോട് വില്ലേജ് ഓഫിസറും ഉടുമ്പൻചോല തഹസിൽദാറും എത്തി.
സമീപവാസിയായ സ്വകാര്യ വ്യക്തിയുടെ നിർദേശപ്രകാരമാണ് ഭൂമി അളക്കാനെത്തിയതെന്നാണ് സർവേയർമാരിൽനിന്ന് ലഭിച്ച മറുപടി. ഇയാൾ മേഖലയിൽ വ്യാപകമായി സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നും വ്യാജ പട്ടയങ്ങൾ നിർമിച്ചതായും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.
റവന്യൂ ഭൂമിയിൽനിന്ന് പുറത്തുപോകണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും തഹസിൽദാർ അറിയിച്ചതോടെ സംഘം മടങ്ങുകയായിരുന്നു. കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.