നെടുങ്കണ്ടം: പദ്ധതി നിലവിലുണ്ടെങ്കിലും ദാഹമകറ്റണമെങ്കിൽ വെള്ളം വില കൊടുത്തുവാങ്ങണം. പാമ്പാടുംപാറ പഞ്ചായത്തിലെ ഗാന്ധിനഗർ ശുദ്ധജല പദ്ധതിയാണ് പേരിൽ ഒതുങ്ങിയത്. അധികാരികളുടെ അനാസ്ഥമൂലം ഉപയോഗശൂന്യമായി കിടക്കുകയാണ്.
പാമ്പാടുംപാറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലായി നൂറിലധികം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന ശുദ്ധജലപദ്ധതിയാണ് മുടങ്ങിയത്. ജലക്ഷാമം രൂക്ഷമായ പത്തിനിപ്പാറ, ഗാന്ധിനഗർ, കുളമാകൂട്ടം കോളനി തുടങ്ങിയ മേഖലകളിലെ സാധാരണക്കാർക്ക് കഴിഞ്ഞ മൂന്ന് വർഷം മുമ്പുവരെ ഗാന്ധിനഗർ പദ്ധതിയിലൂടെ യഥേഷ്ടം ശുദ്ധജലം ലഭിച്ചിരുന്നു.
എന്നാൽ, പദ്ധതി തുടങ്ങിയ 2002ൽ സ്ഥാപിച്ച പൈപ്പുകൾ മിക്കതും കാലഹരണപ്പെട്ട് നശിച്ചതോടെ വെള്ളം കിട്ടാതായി. ഇപ്പോൾ ശുദ്ധജലം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. പദ്ധതിക്കായി നിർമിച്ച കുളത്തിൽ സുലഭമായി വെള്ളമുണ്ട്.
ഇതിനായി പണിത രണ്ട് സംഭരണിയും ഡീസൽ മോട്ടോറും ഇപ്പോഴും പൂർണ സജ്ജമാണ്. എന്നാൽ, സംഭരണിയിലേക്ക് ജലം എത്തിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത വിധം തുരുമ്പെടുത്തു നശിച്ചു. ഒന്നര കിലോമീറ്ററോളം ദൂരത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ ഏറിയ പങ്കും മണ്ണിനടിയിലാണ്. മുമ്പ് പലതവണ ഗുണഭോക്താക്കൾ നേരിട്ട് അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
എന്നാൽ, പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ പദ്ധതി ഉപയോഗപ്പെടുത്താൻ കഴിയില്ല. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഇടപെടൽ ഉണ്ടാകണം എന്നാണ് കോളനിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.