കാല്‍നടയാത്ര പോലും അസാധ്യമായ മന്നാക്കുടി- പാമ്പാടുംപാറ റോഡ്
നെടുങ്കണ്ടം: മന്നാക്കുടി -പാമ്പാടുംപാറ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മന്നാക്കുടിയില്‍ നിന്നും പാമ്പാടുംപാറയിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമല്ലാതായത്. കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമുള്ള റോഡില്‍ വലിയ ഗട്ടറുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് പൊട്ടി തകര്‍ന്ന് കല്ലുകള്‍ ഇളകി കിടക്കുന്നതു മൂലം ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.
പട്ടികവര്‍ഗ സെറ്റില്‍മെന്റ് കോളനി ഉള്‍പ്പെടുന്ന മന്നാക്കുടി, വലിയതോവാള പ്രദേശവാസികള്‍ പാമ്പാടുംപാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പഞ്ചായത്ത് ഓഫിസിലേക്കും എത്താനുമുള്ള എളുപ്പ വഴിയാണ് ഈ റോഡ്. കൂടാതെ പാമ്പാടുംപാറ കൃഷിഭവന്, ഏലം ഗവേഷണ കേന്ദ്രം, മുണ്ടിയെരുമയിലെ വില്ലേജ് ഓഫിസ് എന്നിവയിലെത്തണമെങ്കില് ഈ റോഡിനെ ആശ്രയിക്കണം.
നെടുങ്കണ്ടം എം.ഇ.എസ് കോളജ് വിദ്യാര്‍ഥികളും ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്. തോട്ടം തൊഴിലാളികളുമായി നിരവധി വാഹനങ്ങളും പോകുന്നുണ്ട്. ഓട്ടോ ടാക്സി വാഹനങ്ങള്‍ സര്‍വീസ് നടത്താനും തയാറാകുന്നില്ല. റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി 25 ലക്ഷം രൂപ വകയിരുത്തിയതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. കോണ്‍ക്രീറ്റിങ് നടത്തി റോഡ് പുനരുദ്ധരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എം.എല്‍.എക്കും പരാതി നല്‍കിയിട്ടും നടപടിയില്ല. എത്രയും വേഗം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മന്നാക്കുടി നിവാസികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.