നെടുങ്കണ്ടം: പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട പടവലകൃഷിയിൽ നൂറുമേനി വിളവ് കൊയ്ത് റിട്ട. അധ്യാപകൻ. 50 സെന്റ് സ്ഥലത്ത് പഴവർഗങ്ങൾ, 20 സെന്റിൽ പച്ചക്കറി, ഒരേക്കറിൽ ഏലം, കുരുമുളക് തുടങ്ങി വിവിധയിനം കൃഷികളോടൊപ്പം പടവലകൃഷിയിലും വിജയം കൊയ്യുകയാണ് ചോറ്റുപാറ ബ്ലോക്ക് നമ്പർ 512ൽ പി. അജിത് കുമാർ (58).
പരീക്ഷണാർഥം നട്ട ഒറ്റമൂട് പടവലത്തിൽനിന്ന് രണ്ട് കിലോയിലധികം തൂക്കമുള്ള നാലര അടിക്ക് മുകളിൽ നീളമുള്ള പടവലം ഉണ്ടായി. പലതവണ പടവലം കൃഷിചെയ്തിട്ടും ഫലം കിട്ടിയിരുന്നില്ല. ഒടുവിൽ ഒറ്റമൂട് പടവലത്തിൽനിന്ന് 50 കിലോയിലധികമാണ് വിളവെടുത്തത്. പടവലകൃഷി വിജയിച്ചതോടെ കൂടുതൽ പ്രദേശങ്ങളിൽ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. പടവലത്തിന് പുറമെ കോവൽ, പാവൽ, തക്കാളി, വഴുതന, പച്ചമുളക്, ബീൻസ്, പയർ, വിവിധയിനം ചീരകൾ, മാങ്കോസ്റ്റ്, ബറോവ, മിൽക്കി ഫ്രൂട്ട്, വെൽവറ്റ് ആപ്പിൾ, 18 തരം ബഡ്മാവുകൾ, വിവിധയിനം പേരകൾ എന്നിവക്ക് പുറമെ 40ലധികം ബഡ് ജാതികൾ, ഗ്രാമ്പൂ, ഏലം, കുരുമുളക് തുടങ്ങിയവയെല്ലാം ഈ പുരയിടത്തിലുണ്ട്. വിവിധയിനം ചെടികളും അലങ്കാര ചെടികളുമുണ്ട്.
പടവലത്തിന്റെ വിത്ത് നടുകയും പരീക്ഷണാർഥം ഏലത്തിന് തളിക്കുന്ന മരുന്ന് നേർപ്പിച്ച് അടിച്ചതോടെയാണ് ചെടിയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതെന്ന് അജിത്കുമാർ പറയുന്നു. കീടങ്ങളുടെ ശല്യം പൂർണമായും മാറുകയും ചെയ്തു. പടവലം നടുന്ന കുഴിയിൽ നേർപ്പിച്ച ചാണകം, കഞ്ഞിവെള്ളം, ഭക്ഷണാവശിഷ്ടം തുടങ്ങിയവ ചേർത്ത് നേർപ്പിച്ച ലായനിയാണ് വളമായി ഉപയോഗിക്കുന്നത്. നെടുങ്കണ്ടം കോഓപറേറ്റിവ് കോളജ് പ്രിൻസിപ്പലാണ് അജിത്കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.