നെടുങ്കണ്ടം: സംസ്ഥാന അതിർത്തിയിൽ തലേ ദിവസം അനുവദിച്ച മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിന് പിറ്റേന്ന് അനുമതി വിലക്കി. കമ്പംമെട്ടില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ താല്‍ക്കാലിക ചെക്ക്പോസ്റ്റിനാണ് അനുമതി നല്കി ഷെഡ് നിർമാണം പൂര്‍ത്തിയായപ്പോള്‍ നിഷേധിച്ചുള്ള ഉത്തരവ് വന്നത്. സർക്കാർ അനുമതി കിട്ടാതെ ചെക്പോസ്റ്റ് ആരംഭിക്കാന്‍ പാടില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ്.
മുന്‍വര്‍ഷങ്ങളില്‍ ഇവിടെ താല്‍ക്കാലിക ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മണ്ഡലകാലത്ത് കമ്പംമെട്ടിലെ മൃഗസംരക്ഷണ വകുപ്പ് ഓഫിസിനോട് ചേര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് താത്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നത്.
ഇക്കുറിയും ഇവിടെ ഷെഡ് നിർമിച്ച് ബോര്‍ഡുകളും മറ്റും സ്ഥലത്ത് എത്തിച്ചു കഴിഞ്ഞപ്പോഴാണ് അനുമതി വിലക്കി ഉത്തരവ് വന്നത്. ചെക്കുപോസ്റ്റ് ഇല്ലാത്തതിനാല്‍ കമ്പംമെട്ടില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടില്ല. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ്, ടാക്സ്, സെസ് തുടങ്ങിയവ പരിശോധിക്കാനും ഈടാക്കാനും സാധിക്കില്ല.
ഇതോടെ ഈ തീര്‍ഥാടന കാലത്ത് നികുതിയിനത്തില്‍ കേരളത്തിന് ലക്ഷങ്ങൾ നഷ്ടമാകും. കോവിഡിന് മുമ്പ് ശബരിമല തീര്‍ഥാടന കാലത്ത് താത്കാലിക ആര്.ടി.ഒ. ചെക്കുപോസ്റ്റിലൂടെ 2.8 കോടി രൂപ വരെ നികുതി പിരിച്ചിരുന്നു. മുന്‍ വര്‍ഷം 75 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നു.
അതിര്‍ത്തി മേഖലയില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം സാന്നിധ്യം ഇല്ലാത്തതിനാല്‍ സേഫ് സോണ്‍ പദ്ധതിയും അവതാളത്തിലായി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍,മൂന്ന് പ്യൂണ്‍ ഉള്‍പ്പെടെ ഏഴ് ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.