നെടുങ്കണ്ടം: കൈയും കാലും കഴുത്തും ബന്ധിച്ച് ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിച്ച വളർത്തു നായെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അഗ്നിരക്ഷ സേന ജീവനക്കാരന് നായുടെ കടിയേറ്റു. അഗ്നിരക്ഷ ഉദ്യോഗസ്ഥൻ കേശവ പ്രദീപിനാണ് കൈവിരലിന് കടിയേറ്റത്. ചാക്കു കെട്ടിനകത്ത് കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ നായെ രക്ഷിക്കുന്നതിനിടയിലാണ് അപകടം. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ മാവടിക്കടുത്താണ് സംഭവം.
കൈലാസപ്പാറ വിലക്ക് മാവടി റൂട്ടിൽ തങ്കവിലാസം എസ്റ്റേറ്റ് ജങ്ഷനിലെ റോഡരികിലാണ് നായെ കണ്ടെത്തിയത്. ചാക്ക്കെട്ട് ഉരുളുന്നത് കണ്ട് ഓട്ടോറിക്ഷക്കാർ നോക്കുമ്പോഴാണ് കുടുങ്ങിയ നായെ കാണുന്നത്. അഗ്നിരക്ഷ സേനയെ വിളിച്ചുവരുത്തുകയായിരുന്നു. സേന എത്തി വളരെ പാടുപെട്ടാണ് കെട്ടഴിക്കാനായത്. കെട്ടഴിച്ച ഉടൻ ഉദ്യോഗസ്ഥനെ കടിച്ചശേഷം ചാക്കിനുള്ളിൽനിന്നും നായ ചാടിപ്പോയി.
വലിയ വളർത്തു നായെ ചാക്കിൽ കെട്ടി ആരോ ഉപേക്ഷിച്ചതായാണ് കരുതുന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സജുകുമാർ, ഓഫിസർമാരായ കേശവ പ്രദീപ്. പ്രശോഭ്,സാം മാത്യു, രാമചന്ദ്രൻ, രതീഷ് കുമാർ, ഹോം ഗാർഡ് രവീന്ദ്രൻ നായർ എന്നിവരെത്തിയാണ് നായെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.