നെടുങ്കണ്ടം: ശാരീരിക വിഷമതയുള്ള പ്ലസ് ടു വിദ്യാർഥിക്ക് സഹായിയായി പരീക്ഷ എഴുതിയ ഒമ്പതാം ക്ലാസുകാരിക്ക് പ്രിന്‍സിപ്പല്‍ നല്കിയ പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് സംഭാവന നല്കി. കല്ലാര്‍ ഗവ. ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റായ അലീനയാണ് തനിക്ക് കിട്ടിയ പാരിതോഷികം കോവാക്സിന് വാങ്ങാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
കഴിഞ്ഞു പ്ലസ് ടു പരീക്ഷയില്‍ ശാരീരിക വിഷമതയുള്ള വിദ്യാർഥിക്ക് സഹായി ആകാന്‍ തയാറുള്ളവരുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു സ്കൂളിലെ അധ്യാപകര്‍. എന്നാല്‍, കോവിഡ് ഭയത്താല്‍ എല്ലാവരും പിന്മാറിയ സാഹചര്യത്തിലായിരുന്നു ഒമ്പതാം ക്ലാസുകാരി അലീന മുന്നോട്ട് വന്നത്. പരീക്ഷകള്‍ മുഴുവന്‍ ഈ ഒമ്പതാം ക്ലാസുകാരിയുടെ സഹായത്താലാണ് ശാരീരിക ബുദ്ധിമുട്ടുള്ള പ്ലസ് ടുക്കാരന് എഴുതിയത്.
കോവിഡ് കാലത്തെ സഹായ മനസ്കതക്ക് പ്രിന്‍സിപ്പല്‍ നല്കിയ സമ്മാനം കുറെ നോട്ടുകളായിരുന്നു. സമ്മാനം വാങ്ങിയ അലീന നേരെ പോയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ പാമ്പാടുംപാറ പഞ്ചായത്ത് ഓഫിസിലേക്കാണ്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗം സി.വി. ആനന്ദ് തുക അലീനയില്നിന്ന് ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് ആളുകള്‍ സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ നെട്ടോട്ടമോടുമ്പോള്‍ തന്നാലാവുന്ന സഹായം എത്തിച്ചതിെൻറ സന്തോഷത്തിലാണ് അലീന വര്‍ഗീസ്. കൂടുതല്‍ കുട്ടികള്‍ കോവിഡ് സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.