നെടുങ്കണ്ടം: അതിരുകളില്ലാത്ത അന്പ് 2024 , എല്ലൈയില്ല അന്പ് 2024 എന്നീ പേരുകളില്‍ കമ്പംമെട്ടില്‍ ദേശീയ ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി ആരോഗ്യ പരിശോധന നടന്നു. 4000 തോട്ടം തൊഴിലാളികളെ പരിശോധിച്ചു. ജില്ല ആരോഗ്യ വകുപ്പും തമിഴ്നാട് തേനി ജില്ല ആരോഗ്യ വകുപ്പും സംയുക്തമായാണ് തോട്ടം തൊഴിലാളികള്‍ക്കായി പരിശോധന സംഘടിപ്പിച്ചത്.
‘ക്ഷയരോഗമില്ലാത്ത ഇടുക്കി’ ലക്ഷ്യം നേടാനായി ക്ഷയരോഗ നിർണയം, കഫം പരിശോധന, ജീവിതശൈലി രോഗ നിർണയം, പകര്‍ച്ചവ്യാധി പ്രതിരോധത്തിനായുള്ള പരിശോധനകള്‍ എന്നിവയാണ് നടന്നത്. പകര്‍ച്ചവ്യാധി പരിശോധനക്കായി ജില്ലയിലെ 1412 പേരുടെയും തേനി ജില്ലയിലെ 500 പേരുടെയും രക്ത സാമ്പിളുകളും ശേഖരിച്ചു.
ആകെ 378 പേരുടെ കഫം പരിശോധിച്ചു. രോഗം കണ്ടെത്തുന്നവര്‍ക്ക് രണ്ട് സംസ്ഥാനത്തെയും ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്ന് തുടര്‍ചികിത്സ നല്‍കും. തമിഴ്നാട്ടില്‍ നിന്ന് തോട്ടം തൊഴിലാളികളുമായി 500 വാഹനങ്ങള്‍ എത്തുന്നതായാണ് പൊലീസ് കണക്ക്. ഇതില്‍ 30 ശതമാനം പേരെ മാത്രമെ പരിശോധിക്കാനായിട്ടുള്ളൂ. അധികം താമസിയാതെ കമ്പംമെട്ടിലും കുമളിയിലും പൂപ്പാറയിലും പരിശോധനകള്‍ നടത്തും.
അന്തര്‍സംസ്ഥാന തൊളിലാളികളെയും വന്‍കിട തോട്ടങ്ങളിലെ തൊഴിലാളികളെയും പരിശോധനക്ക് വിധേയരാക്കും. ഇനി നടക്കുന്ന പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പിനെയും കൂടി പങ്കാളികളാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ അഞ്ചു കൗണ്ടറുകളിലായി ഒരേ സമയം അഞ്ചു വാഹനങ്ങള്‍ എന്ന തോതിലായിരുന്നു പരിശോധന.
ജില്ല ടി.ബി.ഓഫീസര്‍ ഡോ.ആശിഷ് മോഹന്‍കുമാര്‍, തേനി ജില്ല ടി.ബി.ഓഫീസര്‍ ഡോ.രാജപ്രകാശ്, തേനി ഡി.പി.എം ഫറോക്ക്, വണ്ടന്മേട് ടി.ബി.യൂനിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സാറ എന്നിവര്‍ നേതൃത്വം നല്കി. ജില്ല ടി.ബി.സെന്റര്‍ ജീവനക്കാര്‍, ജില്ല എയിഡ്സ് കണ്ട്രോള് ജീവനക്കാര്‍, കരുണാപുരം, കെ.പി.കോളനി, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരും തേനി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.