പ്രതീകാത്മക ചിത്രം

വാഴക്കുലയിൽ പെയിന്‍റടിച്ച്​ മോഷ്​ടാക്കളെ പൊക്കി കർഷകൻ; അവസാനിച്ചത്​ 98,000 രൂപയുടെ കുല മോഷണം

നെടുങ്കണ്ടം: ഏഴുമാസത്തിനിടെ സോളമന്‍റെ തോട്ടത്തിൽ നിന്ന്​ മോഷണം പോയത്​ 98,000 രൂപ വിലമതിക്കുന്ന വാഴക്കുലകള്‍. കള്ളനെ പൊക്കാൻ പല വഴി തേടിയിട്ടും ഒന്നും ഫലംകണ്ടില്ല. പൊലീസിനോട്​ പരാതിപ്പെട്ടപ്പോൾ തോട്ടത്തിൽ സി.സി.ടി.വി സ്​ഥാപിക്കൂ എന്നായിരുന്നു ഉ​പദേശം.

കുല മോഷണം പതിവായതോടെ ഒടുവിൽ നടത്തിയ ഒരു അറ്റകൈ പ്രയോഗം ഫലം കണ്ടു. തോട്ടത്തിലെ പച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്‍റടിച്ചാണ്​ മോഷ്​ടാവിനെ വീഴ്​ത്തിയത്​. ഇതറിയാതെ കുല മോഷ്ടിച്ച് വ്യാപാരികള്‍ക്ക് വിറ്റ കള്ളന്‍മാരെ ൈകയ്യോടെ പൊക്കുകയായിരുന്നു. ഇടുക്കി ജില്ലയില്‍ അതിര്‍ത്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ എബ്രഹാം (49), ​മോഷ്​ടിച്ച വാഴക്കുല കൊണ്ടുപോകാൻ സഹായിച്ച ഓട്ടോ ​ൈഡ്രവര്‍ നമ്മനശേരി റെജി (50) എന്നിവരെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കന്യാകുമാരി സ്വദേശി പോള്‍സണ്‍ സോളമന്‍ കമ്പംമെട്ടിന് സമീപം പഴയ കൊച്ചറയില്‍ പാട്ടത്തിനെടുത്ത കൃഷി തോട്ടത്തില്‍ നിന്നാണ്​ ഇവർ കുല മോഷ്​ടിച്ചിരുന്നത്​. 7 ഏക്കറില്‍ ഏലക്കൃഷിയുടെ ഇടവിളയായി​ നേന്ത്രന്‍, ഞാലി പൂവന്‍, പാളയംകോടന്‍, റോബസ്റ്റ തുടങ്ങി വിവിധ ഇനങ്ങളില്‍പെട്ട 2000 ഓളം വാഴകൾ നട്ടിരുന്നു. കഴിഞ്ഞ ഏഴു മാസത്തോളമായി മോഷണം തുടര്‍ന്നതോടെ പല തവണ പൊലീസില്‍ പരാതി നല്‍കി. ചില ദിവസങ്ങളിൽ 30 കുലകള്‍ വരെ നഷ്ടപെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങിയാല്‍ അന്ന്‌ രാത്രി മോഷണം ഉറപ്പായിരുന്നു.

ഒടുവില്‍ മോഷ്ടാവിനെ പിടികൂടുവാൻ വാഴക്കുലകളില്‍ മഞ്ഞ ചായം പൂശുകയായിരുന്നു. ഒറ്റ നോട്ടത്തിൽ പഴുത്ത കുലപോലെ തോന്നിക്കുന്ന രീതിയിലായിരുന്നു പെയിന്‍റിങ്​. ഇത് മനസ്സിലാക്കാതെ വീണ്ടും മോഷണം തുടര്‍ന്നു. പിന്നാലെ, പെയിന്‍റടിച്ച പഴങ്ങൾ വിൽപനക്ക്​ വരുന്നുണ്ടോയെന്ന്​ പഴക്കടകൾ കേന്ദ്രീകരിച്ച്​ സോളമനും സഹായികളും രഹസ്യമായി പരിശോധന ആരംഭിച്ചു. കൊച്ചറയിലെ ഒരു പച്ചക്കറി കടയില്‍ ഇവ വില്‍പന നടത്തിയതായി ശ്രദ്ധയില്‍പെട്ടു. ഇവരുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെന്ന് സംശയിക്കുന്നവരെപ്പറ്റി വിവരം ലഭിച്ചു. ഇത്​ സോളമൻ പൊലീസിന് കൈമാറുകയായിരുന്നു.

പൊലീസിനെ കണ്ട മാത്രയില്‍ മോഷ്ടാവ് എബ്രഹാം വീട്ടില്‍ നിന്നിറങ്ങി ഓടാന്‍ ശ്രമിച്ചതോടെ പൊലീസിന് സംശയം ബലപ്പെട്ടു. ഓടിച്ച് പിടിച്ചു കഴിഞ്ഞപ്പോള്‍ കുറ്റം സമ്മതിച്ചു. ആദ്യം ഒരു കുലയായിരുന്നു മോഷ്ടിച്ചത്​. പിന്നീട് രണ്ട്, മൂന്ന്, നാല്, അഞ്ച്്് എനിങ്ങനെ എണ്ണം വർധിച്ചു. ചില ദിവസങ്ങളിൽ 30 വരെ മോഷ്​ടിച്ചതായും സമ്മതിച്ചു. കഴിഞ്ഞ ഏഴുമാസത്തിനിടെ 98,000 രൂപയുടെ വാഴകുലകളാണ്​ ഇവർ മോഷ്​ടിച്ച്​ വിൽപന നടത്തിയത്​. നമ്മനശേരി റെജിയുടെ ഓട്ടോയിലായിരുന്നു കുലകള്‍ കയറ്റിക്കൊണ്ടുപോയിരുന്നത്​. കട്ടപ്പന, അന്യാര്‍തൊളു, കൊച്ചറ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണമുതൽ വില്‍പ്പന നടത്തിയതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Two arrested for stealing lakhs of bananas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.