നെടുങ്കണ്ടം: സ്ഥലംമാറ്റവും പ്രമോഷനും പുതിയനിയമനവും ഇല്ലാത്തതിനാല്‍ രണ്ട് പഞ്ചായത്തുകളിലെ മൃഗാശുപത്രികളില്‍ സീനിയര്‍ സര്ജന്മാർ ഇല്ലാത്തത് കര്‍ഷകരെ വലക്കുന്നു. നെടുങ്കണ്ടം, മുണ്ടിയെരുമ മൃഗാശുപത്രികളിലാണ് സീനിയര്‍ സര്ജന്മാരില്ലാത്തത്. നെടുങ്കണ്ടം ടൗണില്‍ സ്ഥിതിചെയ്യുന്ന മൃഗാശുപത്രിയിലെ ഡോക്ടര്‍ കഴിഞ്ഞ ജനുവരിയില്‍ വിരമിച്ചു. പുതിയ നിയമനം നടന്നിട്ടില്ല.
നിലവില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മൃഗാശുപത്രികളില്‍ സ്ഥലംമാറ്റം ഉടന്‍ ഉണ്ടാവില്ലെന്നറിയുന്നു. ഊരാക്കുടുക്കിലായതിനാല് പ്രമോഷനും കാലതാമസം നേരിടും. പുതിയ നിയമനം വന്നാലും നെടുങ്കണ്ടത്തിനോ മുണ്ടിയെരുമക്കൊ വരാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയില്ല.
ഇവിടെയുള്ളത് ആശുപത്രികളായതിനാല്‍ അസി. ഡയറക്ടര്‍ തസ്തികയിലുള്ള ആൾക്കേ ഇങ്ങോട്ട് വരാന്‍ കഴിയൂ. അത് ഉടനെ ഉണ്ടാകാന്‍ സാധ്യതയുമില്ല. സാധാരണ ഡോക്ടര്‍മാരെ നിയമിക്കുന്നത് ഡിസ്പെന്‍സറികളിലാണ്. 18 വര്‍ഷത്തിലധികം സീനിയോറിറ്റി ഉള്ളവരാണ് പ്രമോഷന് ലിസ്റ്റില്‍ കടന്നുകൂടുന്നത്. ഒരുപഞ്ചായത്തില്‍ ഒരു ആശുപത്രിയും രണ്ടോ അതിലധികമോ ഡിസ്പെന്സറികളുമുണ്ടാകും.
നെടുങ്കണ്ടത്തും മുണ്ടിയെരുമയിലും പ്രവര്‍ത്തിക്കുന്നത് ഡിസ്പെന്സറികളല്ല, ആശുപത്രികളാണ്. ഏറ്റവും കൂടുതല്‍ വളര്‍ത്തു മൃഗങ്ങളുള്ളത് നെടുങ്കണ്ടം പഞ്ചായത്തിലാണ്.
പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശവും കിലോമീറ്റര്‍ ദൂരെയുള്ള പെരിഞ്ചാംകുട്ടി, ബഥേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും മൃഗസംരക്ഷണത്തിനായി ആളുകള്‍ എത്തുന്നത് നെടുങ്കണ്ടം വെറ്ററിനറി ആശുപത്രിയിലാണ്. ഇവിടെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ വീണ്ടും കിലോമീറ്റര്‍ താണ്ടി മുണ്ടിയെരുമയില്‍ എത്തണം.
അവിടെയും ഡോക്ടര്‍ ഇല്ല. പിന്നീട് പോകണമെങ്കില്‍ കൂട്ടാറില്‍ പ്രവര്‍ത്തിക്കുന്ന കരുണാപുരം മൃഗാശുപത്രിയിലെത്തണം. പെരിഞ്ചാംകുട്ടിയില്‍ നിന്ന് ഒരാള്‍ കൂട്ടാറിൽ എത്തണമെങ്കില്‍ മണിക്കൂറുകള്‍ സഞ്ചരിക്കണമെന്ന് മാത്രമല്ല ഒരുദിവസം വേണ്ടിവരും.
നെടുങ്കണ്ടത്തെ ഡോക്ടര്‍ വിരമിച്ച് ആറ് മാസം പിന്നിട്ടിട്ടും പുതിയ നിയമനം നടന്നിട്ടില്ല. അതിന്ശേഷം നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് മുണ്ടിയെരുമയിലെ ആശുപത്രിയിലാണ്. എന്നാല്‍ ഒരുമാസത്തിലധികമായി അവിടുത്തെ ഡോക്ടറും വിരമിച്ചതോടെ കര്‍ഷകര്‍ ഏറെ വലയുകയാണ്. പ്രധാനമായും ക്ഷീരകര്‍ഷകരാണ് ദുരിതം അനുഭവിക്കുന്നത്.
കാലവര്‍ഷം ആരംഭിച്ചതോടെ മൃഗങ്ങള്‍ക്ക് നിരവധി രോഗങ്ങളാണ് പിടിപെട്ടിരിക്കുന്നത്. പശുക്കള്‍ക്ക് പനി, കുളമ്പുരോഗം, ദഹനക്കേട് തുടങ്ങിയ രോഗങ്ങള്‍ പതിവാണ്.
പശു, ആട് തുടങ്ങിയ നാല്ക്കാലികള്ക്ക് പ്രസവം മൂലമുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്ക് കിലോമീറ്ററുകള്‍ ദൂരെനിന്ന് അടിയന്തിര ചികിത്സക്കെത്തുന്ന കര്‍ഷകര്‍ ആശുപത്രിയിലെത്തുമ്പോഴാണ് ഡോക്ടര്‍ ഇല്ലെന്നറിയുന്നത്. ഇത് മൂലം പല കര്‍ഷകരുടെയും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടമാകുന്നതിന് വഴിതെളിക്കുന്നു. മറ്റ് വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യപരിപാലനവും ഈ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിച്ചാണ്.
എരുമ, ആട്, പോത്ത്, പന്നി, കോഴി, താറാവ് തുടങ്ങിയവക്ക് പ്രതിരോധ മരുന്ന് നല്‍കേണ്ടത് ഈ കാലയളവിലാണ്. നെടുങ്കണ്ടത്ത് നിലവിലുള്ള ഡോക്ടര്‍ രാത്രികാലത്തേക്കുള്ളതാണ്. നെടുങ്കണ്ടം മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബീജ സങ്കലന കേന്ദ്രത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും കാലാകാലങ്ങളിലുള്ള വാക്സിനേഷന്റെയും ഉത്തരവാദിത്വം തൊട്ടടുത്തുള്ള ആര്.എ.എച്ച്.സിക്കാണ് (റീജനല്‍ ആനിമല്‍ ഹെല്‍ത്ത് സെന്റര്‍).
അതിന് സമീപത്തായി സാംക്രമിക രോഗങ്ങള്‍ക്ക് ചികിത്സിക്കാനും പ്രതിവിധി കണ്ടെത്താനും പ്രവര്‍ത്തിക്കുന്ന ആര്.പി ചെക്പോസ്റ്റിലും നിലവില്‍ സീനിയര്‍ വെറ്ററിനറി സര്ജന്മാര് ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.