പീരുമേട്: ജനങ്ങളുടെ സ്വത്തിനും ജീവനും ആശങ്ക സൃഷ്ടിക്കുന്ന കാട്ടാനകളെ ആര് തളക്കും. ഓരോ ദിവസവും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിച്ച് കൃഷി നശിപ്പിക്കുന്ന ആനക്കൂട്ടം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. രാത്രി പുരയിടങ്ങളിൽ ഇറങ്ങുന്ന ആനകൾ കൃഷികൾ, ചുറ്റുമതിലുകൾ, ഇടക്കയ്യാലകൾ തുടങ്ങിയവ നശിപ്പിക്കുകയാണ്. തെങ്ങ്, പന, കമുക്, വാഴ തുടങ്ങിയവയാണ് പൂർണമായും നശിപ്പിക്കുന്നത്.
2016ൽ പ്ലാക്കത്തടം കോളനിയിലാണ് മേഖലയിൽ ആദ്യമായി ആന ഇറങ്ങിയത്. എട്ട് വർഷമായി ആനശല്യം രൂക്ഷമാണ്. പ്ലാക്കത്തടത്ത് ഇറങ്ങിയ ആന ദേശീയപാത 183ൽ കല്ലാർകവല, അഴുതയാർ എന്നിവിടങ്ങളിലും തുടർന്ന് 2021ൽ തോട്ടാപ്പുരയിലും വിവിധ മേഖലയിലെ തെങ്ങ്, വാഴ കൃഷികൾ നശിപ്പിച്ചു. ആദ്യം രണ്ട് ആനകളായിരുന്നു എത്തിയിരുന്നത്. പിന്നീട് എണ്ണം വർധിച്ച് ഏഴ് വരെയായി. 2022ൽ അഴുത എൽ.പി സ്കൂൾ പരിസരം, കച്ചേരിക്കുന്ന്, തോട്ടാപ്പുര കോവിലകം ഭാഗം എന്നിവിടങ്ങളിലും നാശം വിതച്ചു. 2023 മാർച്ചിൽ സർക്കാർ അഥിതി മന്ദിരം, ട്രഷറി ഓഫിസ്, ഐ.എച്ച്.ആർ.ഡി സ്കൂൾ, കരണ്ടകപ്പാറ, മിനി സിവിൽ സ്റ്റേഷന് സമീപവും ഇറങ്ങി. സർക്കാർ അതിഥി മന്ദിരത്തിന് സമീപം വനംവകുപ്പിന്റെ യൂക്കാലി പ്ലാന്റേഷനിൽ തമ്പടിക്കുകയാണിപ്പോൾ രണ്ട് കൊമ്പൻമാരും ഒരു മോഴയും. 2024 ജൂണിൽ കുട്ടിക്കാനത്തും വീട്ടുപരിസരം വരെ എത്തി കൃഷി നശിപ്പിച്ചു. തുടർന്ന് തട്ടാത്തിക്കാനത്ത് ദേശീയ പാതക്ക് സമീപമുള്ള വനംവകുപ്പിന്റെ പൈൻകാട്ടിൽ തമ്പടിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ദേശീയപാത മറികടന്ന് തട്ടാത്തിക്കാനത്തെ ജനവാസമേഖലയിൽ ഇറങ്ങി നാശം വിതച്ചു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് അഴുതയാർ മറികടന്ന് എം.ബി.സി എൻജിനീയറിങ്ങ് കോളജിന് സമീപ വഴിയിലൂടെ ഒരു ആന പള്ളിക്കുന്ന് വുഡ്ലാൻഡ് തോട്ടം, ഗ്ലെൻ മേരി ബഥേൽ തോട്ടത്തിലും ഇറങ്ങി. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മ്ലാമലയിലും എത്തി. മൂന്നെണ്ണം ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനത്തും വന്ന് കൃഷി ഭൂമിയിലിറങ്ങി നാശം വിതച്ചു. ആന ഒരിക്കലും എത്തില്ലെന്ന് കരുതിയിരുന്ന മ്ലാമല -കോഴിക്കാനം മേഖലകളിൽ എത്തിയത് പ്രദേശവാസികളെ ഞെട്ടിച്ചു. ഒരു തവണ ഇറങ്ങിയ മേഖലകളിൽ വീണ്ടും ആന എത്തുന്നത് ഇവിടത്തുകാരുടെ ഉറക്കം കെടുത്തുന്നു. ഐ.എച്ച്.ആർ.ഡി സ്കൂൾ പരിസരത്ത് കഴിഞ്ഞവർഷവും കഴിഞ്ഞ മാസവും ആന കയറി. കഴിഞ്ഞവർഷം ആന കയറിയതിനെ തുടർന്ന് സ്കൂളിന് അവധി നൽകിയിരുന്നു. ദേശീയപാത 183ൽ മരിയാ ഗിരി സ്കൂളിന് മുമ്പിൽ ബുധനാഴ്ച്ച വൈകീട്ട് 4.45ന് യൂക്കാലി പ്ലാന്റേഷനിൽ നിന്ന് തട്ടാത്തിക്കാനത്തേക്കുള്ള റോഡ് ആന മുറിച്ചുകടക്കുമ്പോൾ കുട്ടികൾ ബസ് കാത്തുനിൽക്കുകയായിരുന്നു. അപ്രതീക്ഷിതമായി ആന സമീപം എത്തിയതിനെ തുടർന്ന് കുട്ടികൾ നിലവിളിച്ച് ഓടുകയായിരുന്നു.
കൃഷി നിലച്ചു; കണ്ണീരിൽ ജനം
ആന സ്ഥിരമായി എത്തി തെങ്ങ്-കമുക്-വാഴ എന്നിവ നശിപ്പിക്കുന്നതിനാൽ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ച കർഷകർ പുരയിടങ്ങളിൽ നിന്നവ മുറിച്ചുമാറ്റുകയും ചെയ്തു. പുരയിടങ്ങളിൽ നിന്നവ വെട്ടിക്കളഞ്ഞത് തുടർ വരുമാനവും നഷ്ടപ്പെടുത്തി. ഇടവിളകൾ ചവിട്ടി നശിപ്പിക്കുന്നതിനാൽ ഇവയുടെ കൃഷിയും നിർത്തി. ഇതോടെ കർഷകരുടെ വരുമാനവും കൂലിപ്പണിക്കാരുടെ ജോലിയും നഷ്ടപ്പെട്ടു. പ്രധാന ഇടവഴികളിലെല്ലാം ആനഭീതി നിലനിൽക്കുന്നതിനാൽ ആളുകൾ വൈകീട്ട് ഏഴിന് മുമ്പ് വീടുകളിൽ കയറാൻ നിർബന്ധിതരാണ്. വൈകീട്ട് ഏഴിന് ശേഷം പീരുമേട് ജങ്ഷൻ വിജനമാണ്. പുലർച്ചെ യാത്ര ചെയ്യുന്നവരും ഏറെ ക്ലേശിക്കുകയാണ്. ഏറെ ഭയപ്പെട്ട് നടന്നാണ് അത്യാവശ്യ യാത്രക്കാർ ജങ്ഷനിൽ എത്തി ബസുകളിൽ കയറുന്നത്.
ആന മാത്രമല്ല, കടുവയും പുലിയും കാട്ടുപോത്തും
ആന ഭീതിക്ക് പുറമെ കടുവ-കാട്ടുപോത്ത്-പുലി-കരടി എന്നിവയുടെ സാന്നിധ്യവും ജനജീവിതത്തെ ബാധിക്കുന്നു. പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനുള്ളിലും കടുവയുടെ കാൽപ്പാട് കണ്ടെത്തിയിരുന്നു. തോട്ടാപ്പുര മേഖലയിലും കടുവ - പുലി എന്നിവയെ കണ്ടവരുണ്ട്. പീരുമേട് ജങ്ഷൻ, അഗ്നിശമന സേന ഓഫിസ് പരിസരം എന്നിവിടങ്ങളിൽ കരടിയെയും കണ്ടു. താലൂക്ക് ആശുപത്രിക്ക് സമീപവും തോട്ടാപ്പുര, കരണ്ടകപ്പാറ- സർക്കാർ അതിഥി മന്ദിരം എന്നിവിടങ്ങളിൽ കാട്ടുപോത്തും ഇറങ്ങി. തോട്ടാപ്പുര, കണ്ടകപ്പാറ എന്നിവിടങ്ങളിൽ കാട്ടുപോത്ത് സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
സംരക്ഷണ വേലി പ്രഖ്യാപനത്തിൽ മാത്രം
ആന ജനവാസ മേഖലയിലേക്ക് കടന്നുവരുന്ന മേഖലകളിൽ വൈദ്യുത ഹാങ്ങിങ് വേലി നിർമിക്കുമെന്ന വനം വകുപ്പ് പ്രഖ്യാപനം നടപ്പായിട്ടില്ല. പ്ലാക്കത്തടം മുതൽ വളഞ്ചാങ്കാനം വരെ പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ വേലി നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. വേലി നിർമാണത്തിന് ടെൻഡർ നടപടി പൂർത്തീകരിച്ചെന്ന് ജൂണിൽ വനംവകുപ്പ് അറിയിച്ചിരുന്നു. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണ ചുമതലയെന്നും അറിയിച്ചിരുന്നു.
ജനപ്രതിനിധികൾ സന്ദർശനം നടത്തിയില്ലെന്ന് പരാതി
ആനശല്യത്തിൽ ജീവനും സ്വത്തിനും ഭീഷണിയായ മേഖലകൾ സന്ദർശിക്കാനും കൃഷി നഷ്ടപ്പെട്ടവരുടെ വാക്കുകൾ കേൾക്കാനും എം.പിയും എം.എൽ.എയും ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികൾ. ആന ഭീതിയെ തുടർന്ന് ഉറങ്ങാതെ രാത്രിയിൽ കാവലിരുന്നാണ് തോട്ടപ്പുര, തട്ടാത്തിക്കാനം തുടങ്ങിയ മേഖലകളിലെ ആളുകൾ കഴിയുന്നത്. വർഷങ്ങളായി ആന ഭീതിയിൽ കഴിയുന്നവരെ നേരിൽ സന്ദർശിക്കാൻ ജനപ്രതിനിധികൾ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. കൃഷി നഷ്ടപ്പെട്ട് കടക്കെണിയിലായവരും നിരവധിയാണ്.
ഗുണ്ട് അവശ്യവസ്തു
ആന ഭീതിയിൽ കഴിയുന്നവരുടെ ബജറ്റിൽ ഗുണ്ടും അവശ്യവസ്തു. ഗുണ്ട് പൊട്ടിച്ചാണ് ആന വീടുകൾക്ക് സമീപം എത്താതെ ജനം രക്ഷ ഒരുക്കുന്നതും തുരത്തുന്നതും. പത്ത് ഗുണ്ട് വരെ ഒരു ദിവസം പൊട്ടിക്കുന്നു. ഒരു ഗുണ്ടിന് 45 മുതൽ 60 രൂപ വരെയാണ് വില. ഗുണ്ടിന് മാത്രം പ്രതിദിനം 450 രൂപയോളം ചെലവഴിക്കുന്നത് സാമ്പത്തിക ബാധ്യതയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.