ഇടുക്കി ജില്ലയിൽ 5000 പേരെ സാക്ഷരരാക്കാൻ പദ്ധതി

തൊടുപുഴ: തോട്ടം, ആദിവാസി മേഖലകൾക്കും ജില്ലയിൽ നിരക്ഷരർ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും മുൻഗണന നൽകി ജില്ലയിലെ 5000 നിരക്ഷരരെക്കൂടി സാക്ഷരരാക്കാൻ പുതിയ പദ്ധതി നടപ്പാക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെ പ്രവർത്തനം ആവിഷ്കരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. ഈ വർഷം 5000 പേരെ കണ്ടെത്തി സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ജില്ലയിൽ തെരഞ്ഞെടുത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.

3750 സ്ത്രീകളെയും 1250 പുരുഷന്മാരെയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. എസ്.സി 900, എസ്.ടി 800, ന്യൂനപക്ഷ വിഭാഗങ്ങൾ 1000, പൊതുവിഭാഗം 2300 എന്നിങ്ങനെയാണ് നിരക്ഷരരെ കണ്ടെത്തുക. സന്നദ്ധ പ്രവർത്തകരുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലാകും ഇക്കൊല്ലം പദ്ധതി നടപ്പാക്കുക. ഇതിനായി 500 സന്നദ്ധ പ്രവർത്തകരായ അധ്യാപകരെ കണ്ടെത്തും. കഴിഞ്ഞ വർഷം നടപ്പാക്കിയ 'പഠ്ന ലിഖ്ന അഭിയാൻ' പദ്ധതിയിലൂടെ 23,840 നിരക്ഷരരെ സാക്ഷരരാക്കിയിരുന്നു.

കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ഇതിനായി ചെലവഴിക്കും. നിരക്ഷരർ കൂടുതലുള്ള സ്ഥലങ്ങൾ പഞ്ചായത്തുതലത്തിൽ സംഘാടക സമിതി യോഗങ്ങളിലൂടെ കണ്ടെത്തും. ആദ്യവർഷം നിരക്ഷരർ കൂടുതലുള്ള പഞ്ചായത്തുകൾക്ക് മുൻതൂക്കം കൊടുക്കും. സാക്ഷരത യജ്ഞം പോലെയാണ് പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗം ആറിന് ചൊവ്വാഴ്ച രാവിലെ 11ന് ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ് അറിയിച്ചു. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Tags:    
News Summary - Plan to make 5000 people literate in Idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.