തൊടുപുഴ: ചില സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റാതെ പെരുവഴിയിലാക്കുന്നതായി പരാതി. പൂമാല റൂട്ടിൽ ഓടുന്ന ചില ബസുകൾ തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ എത്തുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതായാണ് പരാതി. വൈകീട്ട് നാലു മുതൽ ആറുവരെയുള്ള സമയത്താണ് വിദ്യാർഥികളെ കയറ്റാതെ പോകുന്നത്. ഈ റൂട്ടിലുള്ള ബസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന ട്രാക്കിൽ കയറ്റി ഇടാതെ സ്റ്റാൻഡിന്റെ പിൻഭാഗത്ത് പാർക്ക് ചെയ്യുകയും ഇവിടെ എത്തുന്ന മറ്റു യാത്രക്കാരെ മാത്രം കയറ്റിപ്പോകുകയും ചെയ്യുന്നതാണ് രീതി. ഇവിടേക്ക് വിദ്യാർഥികൾ എത്തിയാൽ ബസ് ജീവനക്കാർ തടയും. അടുത്ത ബസിൽ പോരാനാണ് ഇവരോട് പറയുന്നത്. ബസിൽ കയറാൻ ശ്രമിച്ചാൽ തന്നെ ഡോറിൽ നിൽക്കുന്ന ജീവനക്കാരെ ഉരുമ്മിയും ഞെരുങ്ങിയും വേണം കയറി പറ്റാൻ.
സ്ത്രീകളും പെൺകുട്ടികളും എത്തിയാലും ബസിന്റെ വാതിലിൽ നിൽക്കുന്ന ജീവനക്കാർ താഴേക്ക് ഇറങ്ങി നിൽക്കുകയോ അകത്തേക്ക് മാറി കൊടുക്കുകയോ ചെയ്യാറില്ല.
ഇനി ഇവരുടെ തടസ്സം ഒഴിവാക്കി ബസിൽ കയറിയാലും വിദ്യാർഥികൾ ബസ് ജീവനക്കാരുടെ പുലഭ്യം കേൾക്കേണ്ട ഗതികേടാണ്. വിദ്യാർഥികൾ കയറുന്നതിനാൽ ഫുൾ ടിക്കറ്റ് യാത്രക്കാരെ കിട്ടുന്നില്ലെന്ന പരാതിയാണ് ബസ് ജീവനക്കാർക്ക്.
അതേസമയം, മറ്റ് റൂട്ടുകളിലൊന്നും ഇത്തരത്തിലുള്ള വിവേചനം കാണിക്കുന്നില്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ വിദ്യാർഥികളോടുള്ള വിവേചനത്തിനെതിരെ പൊലീസിലും ആർ.ടി.ഒക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
അതേസമയം, ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർ അതിനുള്ളിൽ ഇരുന്ന് വിശ്രമിക്കുന്നതല്ലാതെ ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.