അയ്യപ്പൻകോവിൽ: പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതിൽ വ്യാപക ക്രമക്കേടെന്ന് വിവരാവകാശരേഖ. വാഹനം ഉപയോഗിക്കുന്നതിൽ സാമ്പത്തിക തട്ടിപ്പുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. തുടർന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടാമത് പ്രസിഡന്റായ നിഷ ബിനോജിന്റെ സമയം മുതലുള്ള വാഹന ഉപയോഗത്തിലെ ക്രമക്കേടാണ് പുറത്തുവന്നത്. 19 മാസംകൊണ്ട് 2,83,204 രൂപയാണ് വാഹനം ഓടിയതിൽ ചെലവാക്കിയത്.
ഈ സമയത്ത് 1.75 ലക്ഷം രൂപ ചെലവഴിച്ച് വാഹനം അറ്റകുറ്റപ്പണി നടത്തിയെന്നും പറയുന്നു. പഞ്ചായത്ത് ഓഫിസിൽനിന്ന് 450 മീറ്റർ ദൂരെയുള്ള പരിപാടിയിൽ പങ്കെടുക്കാൻ സെക്രട്ടറിയും ഹെഡ് ക്ലർക്കും യാത്ര ചെയ്തത് ലോഗ്ബുക്കിൽ 44 കിലോമീറ്ററായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ പോയി തിരിച്ചുവരാൻ 32 കിലോമീറ്ററേയുള്ളു ദൂരം.
എന്നാൽ, വിവിധ ദിവസത്തെ യാത്രകൾക്ക് 65 മുതൽ 150 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ചതായാണ് ലോഗ്ബുക്കിൽ. അതുപോലെ മൂന്നു കിലോമീറ്ററിന് 38 കിലോമീറ്ററും രണ്ടര കിലോമീറ്ററിന് 42 കിലോമീറ്ററും രേഖപ്പെടുത്തിയിരിക്കുന്നു. പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ജീവനക്കാർ ആരായാലും വാഹനം ഉപയോഗിക്കുന്നവർ സ്ഥലവും സമയവും കിലോമീറ്ററും രേഖപ്പെടുത്തി ലോഗ്ബുക്കിൽ ഒപ്പുവെക്കണം. ഇക്കാര്യം ബോധ്യപ്പെട്ട് വാഹനത്തിന്റെ കസ്റ്റോഡിയനായ സെക്രട്ടറിയും ഒപ്പുവെക്കണം. അതുകൊണ്ട് തന്നെ വാഹനം ഉപയോഗിച്ചതിലുള്ള ക്രമക്കേടിന് ഉദ്യോഗസ്ഥർക്കും ഭരണ സമിതിക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
അതിനിടെ 1.75 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ വാഹനം ഉപേക്ഷിക്കാനും 13 ലക്ഷം രൂപ മുടക്കി പുതിയ വാഹനം വാങ്ങാനും തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ, വാഹനം വാങ്ങുന്ന വില സംബന്ധിച്ച് ഭരണ സമിതിയിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.