തൊടുപുഴ: ലഹരി ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പൊലീസ് പുറത്തിറക്കിയ ആൽകോ സ്കാൻ വാൻ ജില്ലയിലെത്തി പണിതുടങ്ങി. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാനാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ച് പരിശോധന ആരംഭിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസം എന്ന രീതിയിലാണ് വാഹനം ഇപ്പോൾ ഓടുക. മദ്യം ഉപയോഗിച്ചവരെ കണ്ടെത്താൻ ബ്രെത് അനലൈസറും ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ ഫലം ലഭ്യമാക്കാനാകും. പ്രിന്റും ലഭിക്കും. രണ്ടു ദിവസത്തിനിടെ നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ വാൻ പിടികൂടിയത് അഞ്ച് കഞ്ചാവ് കേസാണ്. ലഹരി ഉപയോഗശേഷം വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയാനാണ് ഇത്തരമൊരു പരിശോധനയുമായി പൊലീസ് രംഗത്തിറങ്ങിയത് .
ഏത് തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചാലും ആശുപത്രിൽ എത്തിച്ചുള്ള വൈദ്യപരിശോധന കൂടാതെ തിരിച്ചറിയാനാകുമെന്നതാണ് പരിശോധനയുടെ ഗുണം. വിദേശരാജ്യങ്ങളിലടക്കം പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനത്തിന്റെ സേവനം എല്ലാ ജില്ലയിലും എത്തിക്കാനാണ് സർക്കാർ തീരുമാനം. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർഥത്തെ വേഗത്തിൽ തിരിച്ചറിയാനും വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും.
വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കൂടുതൽ പരിശോധനയും. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചും എക്സൈസ്, ഡോഗ് സ്ക്വാഡ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുമായി ചേർന്ന് ആക്ഷൻ പ്ലാനുണ്ടാക്കിയുമാണ് പരിശോധന നടത്തുന്നത്. പ്രത്യേക പരിശോധനകളും മറ്റും ആവശ്യമായി വരുമ്പോൾ വാഹനം ജില്ലയിലേക്ക് എത്തിക്കാൻ കഴിയുമെന്നും ഇപ്പോൾ ഒരാഴ്ചയോളം വാഹനം ജില്ലയിൽ പരിശോധനയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നും ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.