തൊടുപുഴ: മറയൂരിൽ 30,620 ചന്ദനത്തൈകൾ വെച്ചുപിടിപ്പിച്ച് വനംവകുപ്പിന്റെ മറയൂർ ചന്ദന ഡിവിഷൻ. ഇവ വളർച്ചയെത്തുമ്പോൾ 10,000 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ ഉണ്ടാകുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.
മറയൂർ റേഞ്ചിലെ നാച്ചിവയൽ ചന്ദന റിസർവിന്റെ വിവിധ ഭാഗങ്ങളിലാണ് ചന്ദനത്തൈകൾ നട്ടത്. ഇന്ത്യയിൽ സ്വാഭാവികമായി ചന്ദനമരങ്ങൾ വളരുന്ന ഏകസ്ഥലമാണ് മറയൂർ.
ചന്ദനപ്പഴങ്ങൾ പക്ഷികൾ തിന്ന് വിസർജിക്കുന്ന വിത്തുകളാണ് ഈ മേഖലയിൽ സ്വാഭാവികമായി മുളക്കുന്നത്. വേരുകളിൽ ക്ഷതം ഏൽപ്പിച്ചാലും ചന്ദനത്തൈകൾ മുളച്ചുവരും. ഇങ്ങനെ വളർന്ന 30 സെന്റിമീറ്ററിൽ കൂടുതൽ വണ്ണമുള്ള 60,000 തൈകളാണ് നിലവിൽ മറയൂർ ചന്ദനക്കാടുകളിലുള്ളത്. 2004ന് മുമ്പ് രണ്ടുലക്ഷത്തിലധികം ചന്ദനമരങ്ങൾ വനമേഖലയിലും 50,000 ചന്ദനമരങ്ങൾ സ്വകാര്യഭൂമിയിലും ഉണ്ടായിരുന്നു. കാലക്രമേണ ഭൂരിഭാഗവും മുറിച്ചുകടത്തി.
മറയൂരിൽ ചന്ദന ഡിവിഷൻ രൂപവത്കരിച്ചതോടെ മോഷണം കുറഞ്ഞുവെങ്കിലും അപ്പോഴേക്കും മരങ്ങളുടെ എണ്ണം 60,000 ആയി. സ്വകാര്യ ഭൂമിയിലെ 90 ശതമാനവും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് മറയൂർ വനമേഖലയിൽ വനം വകുപ്പ് വ്യാപകമായി തൈ നട്ടത്. 1910-1920 കാലഘട്ടങ്ങളിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ മറയൂരിലെ കിളികൂട്ടുമല, നാച്ചിവയൽ, കാന്തല്ലൂരിലെ പാളപ്പെവെട്ടി, വണ്ണാന്തുറൈ എന്നീ വനമേഖലകളിൽ വ്യാപകമായി ചന്ദനത്തൈകൾ നട്ടു. പിന്നീട് മറ്റ് പല മേഖലകളിലും ചന്ദന പ്ലാന്റേഷൻ ഒരുക്കിയെങ്കിലും വിജയിച്ചില്ല.
100 വർഷങ്ങൾക്ക് ശേഷമാണ് നാച്ചിവയൽ ചന്ദന റിസർവിൽ മഞ്ഞപ്പെട്ടി മേഖലയിൽ രണ്ട് ഹെക്ടറിൽ 4,600 ചന്ദനത്തെകൾ പരീക്ഷണാർഥം നട്ടത്. ഇത് വിജയമായതോടെ മറ്റ് ആറിടങ്ങളിലായി 25,000 ചന്ദനത്തൈകൾ വെക്കുന്നത് തുടരുകയാണ്. ഒരുകിലോ ചന്ദനക്കാതലിന് ശരാശരി 15,000 രൂപമുതൽ 20,000 രൂപവരെ വില ലഭിക്കും.
വളർച്ചയെത്തിയ ചന്ദനമരത്തിന് 25 ലക്ഷം രൂപ മുതൽ രണ്ടുകോടി രൂപവരെ വില കിട്ടും. ഒരു മരം പൂർണ വളർച്ചയെത്തുന്നതിന് 40 വർഷം മുതൽ 100 വർഷം വരെ വേണം. 2020-21 കോഴിപ്പണ്ണയിൽ രണ്ടു ഹെക്ടറിൽ 4800 തൈകൾ വെച്ചു.
2021-22-ൽ നാച്ചിവയൽ കല്യാണമണ്ഡപ സമീപം മൂന്ന് ഹെക്ടറിൽ 5000 തൈകളും 2022-23ൽ കുപ്പനോട ബിറ്റ് ഒന്നിൽ 2.7 ഹെക്ടറിൽ 3100 തൈകളും ബിറ്റ് രണ്ടിൽ 3.45 ഹെക്ടറിൽ 5520 തൈകളും അക്ക രശീമയിൽ 3.85 ഹെക്ടറിൽ 5100 തൈകളും 2023-24ൽ അക്ക രശീമ ഫെൻസിങ്ങിന് സമീപം 2500 ചന്ദനത്തൈകളും നട്ടു. നാച്ചിവയൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ചന്ദന പ്ലാന്റേഷനിലെ പണികൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.