തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച് നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ കർഷരുടെ പങ്കാളിത്തം വർധിപ്പിക്കാൻ തീരുമാനം. മലയോര മേഖലയിൽ വിള ഇൻഷുറൻസ് ഉറപ്പാക്കി കർഷകരെ കൃഷിയിൽ ഉറപ്പിച്ചു നിർത്താനാണ് നീക്കം. കാട്ടാന, കാട്ടുപന്നി അടക്കം ജീവികൾ കൃഷി നശിപ്പിക്കുന്നതിനാൽ പല മേഖലയിലും കർഷകർ ജീവനോപാധി നഷ്ടമായി വഴിയാധാരമാകുന്ന സ്ഥിതിയുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൂടാതെ കനത്തമഴയും വെയിലും പോലും കൃഷി നശിക്കാൻ കാരണമാകുന്നു.
വന്യജീവികൾ നാശം വിതക്കുന്നതിനാൽ കൃഷിയിൽ നിന്ന് പിന്മാറിയവരും കൃഷി ഉപേക്ഷിക്കാൻ തയാറെടുക്കുന്നവരും ഉണ്ടെന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണ് ഇൻഷുറൻസ് വ്യാപകമാക്കാൻ ശ്രമിക്കുന്നത്. ഡിസംബർ 31 വരെ അംഗമാകാൻ കർഷകർക്ക് അവസരമുണ്ട്. തെങ്ങ്, കാപ്പി, റബർ, നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പു, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങുവർഗങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറി എന്നീ വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അതു രേഖപ്പെടുത്തുന്ന കാലാവധിയും വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിളകൾ ഇൻഷുറൻസ് ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ നിർബന്ധമായും പാലിച്ചിരിക്കണം.
നഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോൾ ഫ്രീ നമ്പർ - 18004257064. സി.എസ്.സി ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ വഴി കർഷകർക്ക് ഓണ്ലൈനായും അംഗീകൃത ബ്രോക്കിങ് സ്ഥാപനങ്ങൾ വഴിയും രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്പ എടുത്തവരാണെങ്കിൽ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.
ഏലം ഇൻഷുറൻസ് ഫെബ്രുവരി 28 വരെ
സ്പൈസസ് ബോർഡ് 75 ശതമാനം സബ്സിഡിയോടെ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖാന്തിരം നടപ്പാക്കുന്ന ഏലം കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിക്ക് 18 മുതൽ ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കേ രജിസ്ട്രേഷൻ സാധ്യമാകൂ. അല്ലാത്തവർക്ക് കാലാവസ്ഥാ വിള ഇൻഷുറൻസിൽ ചേരാം. 25 സെന്റ് മുതൽ 10 ഏക്കർ വരെ ഉള്ള ചെറുകിട കർഷകർക്കാണ് പദ്ധതി. സബ്സിഡി കിഴിച്ചുള്ള 25 ശതമാനം തുക കർഷകൻ പ്രീമിയം അടക്കണം. 11 മുതൽ 20 ഏക്കർ വരെയുള്ളവർക്ക് സബ്സിഡി ഇല്ലാതെ പദ്ധതിയിൽ ചേരാം. കായ്ഫലമുള്ള രണ്ടുവർഷം പ്രായമായ ചെടികൾക്ക് മുതലാണ് പദ്ധതിയിൽ പരിരക്ഷ ലഭിക്കുന്നത്. വ്യക്തിഗത നാശനഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കർഷകർ അടുത്തുള്ള സ്പൈസസ് ബോർഡ് ഫീൽഡ് ഓഫീസിലും അഗ്രികൾച്ചർ ഇൻഷുറൻസ് ഓഫീസിലും അറിയിക്കണം. ഹെക്ടറിന് 5310, ഏക്കറിന് 2124, സെന്റിന് 21.24 രൂപ എന്നിങ്ങനെയാണ് പ്രീമിയം തുക. ഹെക്ടറിന് 1,20,000 രൂപയാണ് ഇൻഷുറൻസ് തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.